ഗുജറാത്തില്‍ ഭൂരിപക്ഷം നേടില്ല, ബിജെപി എംപിയുടെ പ്രവചനം

ഗുജറാത്തില്‍ എക്സിറ്റ് പോളുകളെ തള്ളിയ ശിവസേന നിലപാടിനു പിറകെ ബിജെപിക്ക് പാളയത്തില്‍നിന്നുതന്നെ അവിശ്വാസ പ്രഖ്യാപനം. നാളെ വോട്ടെണ്ണിക്കഴിയുമ്പോള്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് ഗുജറാത്തിൽനിന്നുള്ള രാജ്യസഭാ എംപി സഞ്ജയ് കക്കാഡെ.  

ഗുജറാത്തിൽ ഭരണത്തുടർച്ചയ്ക്ക് ആവശ്യമായ സീറ്റുകൾ പാർട്ടിക്കു ലഭിക്കില്ല. എന്നിട്ടല്ലേ കൂടുതൽ സീറ്റുകൾ നേടുമെന്ന അവകാശവാദം.  സർക്കാർ രൂപീകരിക്കാനുള്ള സീറ്റുപോലും ബിജെപിക്ക് ഗുജറാത്തിൽ ലഭിക്കില്ല. കോൺഗ്രസ് സർക്കാർ രൂപീകരിക്കാനാവശ്യമായ സീറ്റുകൾക്ക് അടുത്തെത്തും. ഇനി അഥവാ ഗുജറാത്തിൽ ബിജെപി ഭരണം നിലനിർത്തിയാൽ നരേന്ദ്രമോദിയെന്ന ഒറ്റയാളുടെ മികവിലാകുമെന്നും കക്കാഡെ കൂട്ടിച്ചേര്‍ത്തു.

ആറു പേരടങ്ങുന്ന ഒരു സംഘത്തെ ഞാൻ ഗുജറാത്തിലേക്ക് അയച്ചിരുന്നു. സംസ്ഥാനത്തെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് കർഷകർ, വെയ്റ്റർമാർ, തൊഴിലാളികൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. അവർ നടത്തിയ സർവേയുടെയും എന്റെ സ്വന്തം കണക്കുകൂട്ടലിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഭരണം നിലനിർത്താനാവശ്യമായ സീറ്റ് ബിജെപിക്കു കിട്ടില്ലെന്നാണ് എന്റെ വിശ്വാസം-കക്കാഡെ പറഞ്ഞു. നാളെ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍. എല്ലാ എക്സിറ്റ്പോളുകളും ബിജെപി ജയിക്കുമെന്നാണ് പ്രവചിച്ചത്.