വോട്ടുവിഹിതം കൂടി; തിരിച്ചുവരവ് സ്വപ്നം കണ്ട് കോണ്‍ഗ്രസും സിപിഎമ്മും

bengal
SHARE

ബംഗാളില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും തിരിച്ചുവരവിനായുള്ള പോരാട്ടത്തിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം കൂടിയതും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായതും കോണ്‍ഗ്രസിനും സിപിഎമ്മിനും പ്രതീക്ഷ നല്‍കുന്നു. സീറ്റ് ധാരണയ്ക്ക് അപ്പുറം സഹകരണം താഴേത്തട്ടിലെത്തിക്കാന്‍ നേതൃത്വം കിണഞ്ഞു പരിശ്രമിക്കുകയാണ്.

സിപിഎം ബംഗാള്‍ സെക്രട്ടറിക്ക് വോട്ടു ചോദിച്ച് കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍. ഒന്നിച്ചുള്ള പ്രചാരണ പരിപാടികള്‍. സഖ്യമല്ല, സീറ്റുധാരണമാത്രമാണെന്ന് വിശദീകരിക്കുമ്പോഴും െഎക്യം ഉൗട്ടിയുറപ്പിക്കാനുള്ള പരിശ്രമങ്ങള്‍ പ്രകടമാണ്. ഇരുപാര്‍ട്ടികള്‍ക്കും ഇത് ജീവന്മരണപ്പോരാട്ടം. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ നിന്ന് ചിലയിടങ്ങളിലെങ്കിലും ത്രികോണമല്‍സരമാക്കിമാറ്റാന്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും സാധിച്ചു. ന്യൂനപക്ഷവോട്ടുകള്‍ നേടാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കള്‍. ‌പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, സിപിഎം, െഎഎസ്എഫ്  മുന്നണി 20 ശതമാനത്തിലധികം വോട്ടുനേടി. 18 ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയില്‍ കോണ്‍ഗ്രസ്– സിപിഎം–െെഎഎസ്എഫ് മുന്നണി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തി. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയതിന്‍റെ ഇരട്ടി. െഎഎസ്എഫ് ഇത്തവണ മുന്നണിയിലില്ല. മാള്‍ഡ, മുര്‍ഷിദാബാദ് മേഖലകളിലാണ് കോണ്‍ഗ്രസിന്റെ കരുത്ത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത്, കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേയ്ക്ക് പോയിരുന്നു. മമത ബാനര്‍ജി സഖ്യത്തിന് ത‌യ്യാറായിരുന്നെങ്കിലും ന്യായമായ സീറ്റ് കിട്ടാതെ ധാരണയില്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തു. കഴിഞ്ഞ വര്‍ഷം നടന്ന മുര്‍ഷിദാബാദിലെ സാഗര്‍ദിഗി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് വിജയിച്ചത് ആത്മവിശ്വാസം നല്‍കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാതെ തിരിച്ചടി നേരിട്ടതോടെ ബിജെപിയില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്കുണ്ടായതും ഗുണം ചെയ്യുമെന്നാണ് സിപിഎം, കോണ്‍ഗ്രസ് കൂട്ടായ്മയുടെ കണക്കുകൂട്ടല്‍.

Bengal loksabha election 2024

MORE IN INDIA
SHOW MORE