കാര്‍ഷികവായ്പ അനര്‍ഹര്‍ തട്ടിയെടുക്കുന്നു; നടപടിയുമായി സര്‍ക്കാർ

കാര്‍ഷികവായ്പ അനര്‍ഹര്‍ തട്ടിയെടുക്കുന്നതിന് തടയിടാന്‍ സര്‍ക്കാര്‍. കര്‍ഷകരല്ലാത്തവര്‍ക്ക് കാര്‍ഷിക വായ്പ നല്‍കുന്ന ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ റിസര്‍വ് ബാങ്കിന് കത്ത് നല്‍കി. വായ്പയ്ക്ക് കൃഷി ഒാഫീസറുടെ കത്ത് നിര്‍ബന്ധമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. 

കഴിഞ്ഞ സാമ്പത്തികവര്‍ഷം 40406 കോടി രൂപയാണ് സംസ്ഥാനത്തെ ബാങ്കുകള്‍ കാര്‍ഷികവായ്പയായി നല്‍കിയത്. ഇതില്‍ കിസാന്‍ കാര്‍ഡുള്ള യഥാര്‍ഥ കര്‍ഷകര്‍ക്ക് കിട്ടിയത് വെറും 6661 കോടി രൂപമാത്രം. ശേഷിക്കുന്ന 33748 കോടി രൂപയും കാര്‍ഷിക ഗോള്‍ഡ് ലോണിലൂടെ അനര്‍ഹരായവരുടെ കൈകളിലാണ് എത്തിയതെന്നാണ് സര്‍ക്കാരിന്റ വിലയിരുത്തല്‍. വായ്പ ലക്ഷ്യം തികയ്ക്കാന്‍ വേണ്ടി ചില ബാങ്കുകള്‍ കൃഷിയുമായി ഒരു ബന്ധവുമില്ലാത്തവര്‍ക്ക് വായ്പ നല്‍കുകയാണ്. നാല് ശതമാനം പലിശ നിരക്കില്‍ കിട്ടുന്ന തുക ഇവര്‍ സ്ഥിരനിക്ഷേപം നടത്തി ലാഭമുണ്ടാക്കുന്നു. ഇത്തരം ബാങ്കുകള്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് കൃഷിമന്ത്രി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത് 

19000 കോടി രൂപയുടെ കൃഷിനാശമാണ് പ്രളയത്തിലുണ്ടായത്. വായ്പയെടുത്തവരെല്ലാം യഥാര്‍ഥ കര്‍ഷകരല്ലാത്തതിനാല്‍  പ്രളയക്കെടുതിയില്‍പെട്ടവര്‍ക്ക് വായ്പ ഇളവ് പ്രഖ്യാപിക്കാന്‍പോലും കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഇനിമുതല്‍ കാര്‍ഷിക വായ്പയ്ക്ക് പ്രദേശത്തെ കൃഷി ഒാഫീസറുടെ സര്‍ട്ടിഫിക്കറ്റ് കൂടി നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ കൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.