സ്വർണപ്പണയവായ്പാ തട്ടിപ്പ്; അന്വേഷണം വ്യാപിപ്പിക്കണമെന്നാവശ്യം

സ്വര്‍ണപ്പണയവായ്പാ തട്ടിപ്പ് അന്വേഷണം നഗരങ്ങളിലെ ബാങ്ക് ശാഖകളിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രാലയത്തിന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ കത്തയച്ചു. വയനാട്, ഇടുക്കി ജില്ലകളിലെ ബാങ്കുകളില്‍ പരിശോധന നടത്താന്‍ കേന്ദ്ര സംഘം എത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ കൃഷിയാവശ്യത്തിന് 4ശതമാനം പലിശയ്ക്ക് നല്‍കുന്ന സ്വര്‍ണപ്പണയവായ്പ അനര്‍ഹര്‍ കൈപ്പറ്റുന്നത് തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ പോലെയുള്ള നഗരങ്ങളിലാണെന്നും, പരിശോധന നടത്തേണ്ടത് അവിടെയുള്ള ശാഖകളിലാണെന്നുമാണ് വി.എസ്.സുനില്‍കുമാറിന്റെ നിലപാട്.

കര്‍ഷകരെ സഹായിക്കുന്നതിനാണ് സ്വര്‍ണപ്പണയത്തിന്‍മേല്‍ നാലുശതമാനം പലിശയ്ക്ക് വായ്പ നല്‍കാനുള്ള സ്കീം. എന്നാല്‍ സംസ്ഥാനത്ത് ഈ ആനുകൂല്യം അനര്‍ഹര്‍ കൈപ്പറ്റി വായ്പയെടുക്കുന്ന തുക ഉയര്‍ന്ന പലിശയ്ക്ക് നിക്ഷേപിച്ച് ലാഭമുണ്ടാക്കുന്നെന്നാണ് കൃഷിവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഈ വെട്ടിപ്പ് തടയാന്‍ നടപടിയെടുക്കണമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കൃഷിമന്ത്രാലയം ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചത്. 28ന് ഇടുക്കി, വയനാട് ജില്ലകളിലെ ബാങ്കുകളില്‍ പരിശോധന നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാല്‍ ഈ ജില്ലകളിലുള്ള സ്വര്‍ണപ്പണയ വായ്പകള്‍ മിക്കതും കര്‍ഷകര്‍ തന്നെയാണ് എടുത്തതെന്നും തട്ടിപ്പ് ബോധ്യപ്പെടില്ലെന്നുമാണ് കൃഷിവകുപ്പിന്റെ വാദം. തൃശൂര്‍, എറണാകുളം, തിരുവനന്തപുരത്തെ കഴക്കൂട്ടം എന്നിവിടങ്ങളിലെ ബാങ്ക് ശാഖകളിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം കൃഷിയാവശ്യത്തിനുള്ള സ്വര്‍ണപ്പണയ വായ്പ എടുത്തിരിക്കുന്നത്. 

നഗരപരിധിയിലെ ബാങ്കുകളില്‍ ഇത്രയും കൃഷിവായ്പകള്‍ വന്നത് സംശയാസ്പദമാണ്. അതിനാല്‍ ഈ മേഖലകളിലെ ബാങ്കുകളിലേക്ക് പരിശോധന മാറ്റണമെന്ന് വി.എസ്.സുനില്‍കുമാര്‍ കേന്ദ്രസംഘത്തിന്റെ അധ്യക്ഷന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തിലെ ബാങ്കുകള്‍ 40409 കോടി കൃഷിവായ്പയായി നല്‍കിയിരുന്നു. ഇതില്‍ 33768 കോടിയും സ്വര്‍ണപ്പണയത്തിന്‍മേലുള്ള ഹ്രസ്വകാല കൃഷിവായ്പകളായിരുന്നു. ഇതില്‍ മുക്കാല്‍പങ്കും ലഭിച്ചത് കര്‍ഷകര്‍ക്കല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നു. കൃഷി ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയേ ഈ വായ്പ നല്‍കാവൂ എന്ന ആവശ്യം സംസ്ഥാനതല ബാങ്കേഴ്സ് സമിതിയില്‍ വി.എസ്.സുനില്‍കുമാര്‍ ഉന്നയിച്ചിരുന്നെങ്കിലും ബാങ്കുകള്‍ താല്‍പര്യം കാണിച്ചിരുന്നില്ല.