കൂട്ടുപലിശ ഇളവ് ആര്‍ക്കൊക്കെ? ഇളവ് എങ്ങനെ നേടിയെടുക്കാം ?

കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് റിസര്‍വ് ബാങ്ക് ആറ് മാസത്തേക്ക് എല്ലാ വായ്പകള്‍ക്കും മോറട്ടോറിയം അനുവദിച്ചത്. എന്നാല്‍ ആറ് മാസം കഴിഞ്ഞപ്പോള്‍ ഈ കാലയളവിലെ തിരിച്ചടവിന് കൂട്ടുപലിശ ഏര്‍പ്പെടുത്താന്‍ ബാങ്കുകള്‍ തീരുമാനിച്ചതോടെ വിഷയം കോടതി കയറി. സുപ്രീംകോടതി കര്‍ശനമായി ഇടപെട്ടതോടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിക്കുകയായിരുന്നു. ആറ് മാസത്തേക്ക് സാദാപലിശ മാത്രമേ ഈടാക്കൂ. ബാങ്കുകളുടെ നഷ്ടം പരിഹരിക്കാന്‍ കേന്ദ്രം 6,500 കോടി രൂപ നല്‍കും

നേട്ടം ആര്‍ക്കൊക്കെ?

ഒട്ടുമിക്ക വായ്പകള്‍ക്കും മൊറട്ടോറിയം ആനുകൂല്യം ലഭിച്ചിരുന്നു. 2  കോടി രൂപ വായ്പയെടുത്തവര്‍ക്കെല്ലാം കൂട്ടുപലിശ ഒഴിവാക്കി നല്‍കും. വായ്പ നൽകുന്ന സ്ഥാപനം ബാങ്കിങ് കമ്പനി, പൊതുമേഖലാ ബാങ്ക്, സഹകരണ ബാങ്ക് അല്ലെങ്കിൽ പ്രാദേശിക ഗ്രാമീണ ബാങ്ക്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി, ഹൗസിങ് ഫിനാൻസ് കമ്പനി എന്നിവ ആയിരിക്കണം  

എം‌എസ്എംഇ വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പകൾ, ഉപഭോക്തൃ വായ്പകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, ഓട്ടോമൊബൈൽ വായ്പകൾ, വ്യക്തിഗത വായ്പകൾ, ഉപഭോഗ വായ്പകൾ എന്നിവയ്ക്ക് കൂട്ടുപലിശ ഒഴിവാക്കും

മൊറട്ടോറിയം തിരഞ്ഞെടുത്തിട്ടില്ലെങ്കിൽപ്പോലും പദ്ധതി പ്രകാരം ഇളവ് ലഭിക്കും. വായ്പ നൽകുന്ന സ്ഥാപനം അധിക തുക നവംബർ 5 നകം വായ്പ എടുത്ത വ്യക്തിയുടെ അക്കൗണ്ടിലേക്ക് മാറ്റണം