വീട്ടിനു പുറത്തിറങ്ങാന്‍ കഴിയാതെ കുടുംബം; സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് കെഎസ്ഇബി

വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ വൈദ്യുതി പോസ്റ്റിന്‍റെ രണ്ടു സ്റ്റേ വയര്‍ ചാടിക്കടക്കേണ്ട ഗതികേടിലാണ് തൃശൂര്‍ കുന്നത്തങ്ങാടിയിലെ ഒരു കുടുംബം. പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ തുകയടച്ചിട്ടും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അനങ്ങിയില്ല.

തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി ജോണ്‍സനും കുടുംബവും ഈ ദുരിതം നേരിട്ടു തുടങ്ങിയിട്ട് വര്‍ഷം പതിനഞ്ചായി. വീട്ടുമുറ്റത്ത് വൈദ്യുത പോസ്റ്റിന്‍റെ ഒരു സ്റ്റേ വയര്‍. ഗേയ്റ്റിനു പുറത്തായി മറ്റൊരു സ്റ്റേ വയറും. ഈ രണ്ടു സ്റ്റേ വയറുകളില്‍ തട്ടി പലതവണ വീണു. അതിഥികളാണ് കൂടുതലും വീണത്. കുട്ടികളെ പുറത്തിറക്കാന്‍ പേടിക്കണം. ഇനി, ഒരു വണ്ടി വീട്ടിലേയ്ക്കു കയറ്റാനോ കഴിയില്ല. പോസ്റ്റ് മാറ്റാന്‍ കുറേവര്‍ഷം മുമ്പേ അയ്യായിരം രൂപ അടച്ചു. പക്ഷേ, പോസ്റ്റ് മാറ്റിയില്ല. രണ്ടര സെന്‍റ് ഭൂമിയിലാണ് ഇവരുടെ വീട്. കെ.എസ്.ഇ.ബി. മനസുവച്ചാല്‍ മാത്രമേ ഈ കുടുംബത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകൂ.

വൈദ്യുത പോസ്റ്റ് മാറ്റാന്‍ അയല്‍പക്കത്തുള്ളവര്‍ സമ്മതിക്കുന്നില്ലെന്നാണ് അരിമ്പൂര്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുെട വിശദീകരണം. ആര്‍ക്കും തടസമില്ലാതെ പോസ്റ്റ് സ്ഥാപിക്കാന്‍ സ്ഥലമുണ്ടായിട്ടും അതിന് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.