‘ജോലി നഷ്ടപ്പെടുത്തി’;പോസ്റ്റ് ഓഫീസ് അധികൃതര്‍ക്കെതിരെ ഭിന്നശേഷിക്കാരനായ യുവാവ്

linto
SHARE

പോസ്റ്റ് ഓഫീസ് അധികൃതരുടെ കെടുകാര്യസ്ഥത മൂലം സർക്കാർ ജോലി നഷ്ടപ്പെട്ടെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവ് പോസ്റ്റ്‌ ഓഫീസ് പടിക്കൽ ഒറ്റയാൾ സമരം നടത്തി. ഇടുക്കി വെള്ളയാംകുടി സ്വദേശി ലിന്‍റോ തോമസാണ് ഒറ്റയാൾ സമരം നടത്തിയത്. 

ഭിന്നശേഷിക്കാരനായ വെള്ളയാംകുടി സ്വദേശി വട്ടക്കാട്ടിൽ  ലിന്‍റോയ്ക്ക് ജോലിക്കുള്ള ആഭിമുഖ കത്ത് കഴിഞ്ഞ മാർച്ച്‌ 18 നാണ് വെള്ളയാംകുടി പോസ്റ്റ്‌ ഓഫീസിൽ എത്തിയത്. പുളിന്താനത്തുള്ള സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ അനധ്യാപക തസ്തികയുടെ അഭിമുഖത്തിനായി മാർച്ച് 23 ന് ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ പത്ത് ദിവസം വൈകിയാണ് പോസ്റ്റ്‌ ഓഫീസ് ജീവനക്കാരി  ലിന്‍റോയ്ക്ക് കത്ത് നൽകിയത്. സമയം വൈകിയതിനാൽ മറ്റൊരാൾക്ക് സ്കൂളിൽ നിയമനം ലഭിച്ചു. യഥാസമയം നിയമന ഉത്തരവ് കൈമാറാതിരുന്നതാണ് ജോലി നഷ്ടപ്പെടാൻ കാരണമെന്നാണ്  ലിന്‍റോയുടെ ആരോപണം. 

മുഖ്യമന്ത്രിക്കും, കളക്‌ടർക്കും, തപാൽ വകുപ്പിനും  ലിന്‍റോ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്നതിനിടെ ഇലക്ട്രിക്കൽ ജോലി ചെയ്താണ്  ലിന്‍റോ ഉപജീവനമാർഗം കണ്ടെത്തുന്നത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് പറഞ്ഞതോടെ സമരം അവസാനിപ്പിച്ചു. സർക്കാർ ജോലിയോ നഷ്ടപരിഹാരമോ ഉടൻ തന്നെ അനുവദിക്കണമെന്നാണ്  ലിന്‍റോയുടെ ആവശ്യം.

MORE IN CENTRAL
SHOW MORE