പ്രവാസികൾക്ക് യുഎഇയിൽ ഇനി കുടുംബ വീസ; അറിയേണ്ടതെല്ലാം

തൊഴിൽ മാനദണ്ഡമാക്കാതെ നിശ്ചിത വരുമാനമുള്ള എല്ലാവർക്കും കുടുംബ വീസ അനുവദിക്കുമെന്ന പ്രഖ്യാപനത്തെ പ്രവാസികൾ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. സ്പോൺസർഷിപ് നിയമം ഭേഗഗതി ചെയ്തതിലൂടെ നാലായിരം ദിർഹം പ്രതിമാസവരുമാനമുള്ളവർക്ക് കുടുംബ വീസ അനുവദിക്കും.

യു.എ.ഇയിൽ 4,000 ദിർഹം പ്രതിമാസ വരുമാനമുള്ള എല്ലാവിദേശികൾക്കും ഇനി കുടുംബത്തെ ഇവിടേക്കു കൊണ്ടുവരാം. കമ്പനിവക താമസസൌകര്യമുണ്ടെങ്കിൽ 3,000 ദിർഹം മതിയാകും. ഇതാണ് പുതിയ നിയമ ഭേദഗതി.

5000 ദിര്‍ഹവും അതില്‍ കൂടുതലും ശമ്പളമുള്ള നിശ്ചിത ജോലികളുള്ളവർക്ക് മാത്രമായിരുന്നു കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാൻ നേരത്തേ അനുമതിയുണ്ടായിരുന്നത്. പുതിയ ഭേദഗതി പ്രകാരം വരുമാനം മാത്രമായിരിക്കും മാനദണ്ഡം. നിശ്ചിത പരിധിയിൽ വരുമാനമുള്ള ഏതു ജോലി ചെയ്യുന്നവർക്കും കുടുംബവീസ അനുവദിക്കും.

സ്ത്രീപുരുഷ ഭേദമന്യേ എല്ലാവർക്കും ഒരേ പോലെ നിയമം ബാധകമാണ്. ജീവിതപങ്കാളിയേയും പതിനെട്ട് വയസിൽ താഴെയുള്ല മക്കളേയും സ്പോൺസർ ചെയ്യാം. പെൺമക്കൾ വിവാഹം കഴിച്ചതാണെങ്കിൽ അവരെ സ്പോൺസർ ചെയ്യാനാകില്ല. പ്രവാസികൾക്ക് അനുകൂലമായി അടുത്തക്കാലത്ത് യു.എ.ഇ നടപ്പാക്കുന്ന വിവിധ വീസ ഇളവുകളിലെ ഏറ്റവും സുപ്രധാന തീരുമാനമാണിത്. 

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമഭേദഗതിക്ക് അംഗീകാരം നൽകിയത്.

വിദേശ തൊഴിലാളികളുടെ കുടുംബ സ്ഥിരത, സാമൂഹിക ഐക്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഔദ്യോഗിക വ്യക്തിജീവിതങ്ങളുടെ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ഫെഡറൽ അതോറിറ്റി ഫൊർ ഐഡന്റിറ്റി ആൻഡ് എമിറേറ്റൈസേഷൻ വ്യക്തമാക്കി. 

കുടുംബം കൂടെയുള്ളപ്പോൾ പ്രവാസികളുടെ പ്രവർത്തനക്ഷമത വർധിക്കുമെന്നും മാനസിക സമ്മർദ്ദമടക്കമുള്ളവ ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നുമാണ് പ്രതീക്ഷ. രാജ്യത്തു കൂടുതൽ വിദഗ്ധ തൊഴിലാളികൾ എത്താൻ പുതിയ നിയമം വഴിയൊരുക്കുമെന്നും കരുതുന്നു.

കുടുംബത്തെ യു.എ.ഇയിലേക്കു കൊണ്ടുവരാനാഗ്രഹിക്കുന്ന പ്രവാസികൾ വിവാഹ സർട്ടിഫിക്കറ്റ്, കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് എന്നിവ നാട്ടിൽ യു.എ.ഇ കോൺസുലേറ്റിൽ അറ്റസ്റ്റ് ചെയ്യിക്കണം. തുടർന്ന് ഇതു യു.എ.ഇയിലെ വിദേശകാര്യ മന്ത്രാലയത്തിലും അറ്റസ്റ്റ് ചെയ്യണം. ഇവ അറബിക്കിലേക്കു മൊഴിമാറ്റം ചെയ്യുന്നതാണ് അടുത്തഘട്ടം. 

ആമർ സെന്ററുകൾ വഴിയാണ് വീസയ്ക്ക് അപേക്ഷിക്കേണ്ടത്. വേതന സർട്ടിഫിക്കറ്റ്, വീടിന്റെ കരാർ രേഖ, അഥവാ ഇജാരി, എല്ലാവരുടെയും പാസ്പോർട്ട് പകർപ്പ്, ഫോട്ടോ, അപേക്ഷകന്റെ എമിറേറ്റ്സ് ഐഡി എന്നിവ ഹാജരാക്കണം.

പൊതുമേഖലയിൽ ജോലി ചെയ്യുന്നവരാണെങ്കിൽ വേതന സർട്ടിഫിക്കറ്റ് നൽകണം. സ്വകാര്യമേഖലയിലാണെങ്കിൽ വേതന സർട്ടിഫിക്കറ്റിനു പുറമെ മൂന്നു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും നൽകണം. അപേക്ഷകൻ നേരിട്ടു പോകാതെ ഏജൻസികൾ വഴിയും നടപടികൾ തുടങ്ങാം.

വീസ ശരിയായാൽ അറുപതു ദിവസത്തിനകം കുടുംബം യു.എ.ഇയിൽ എത്തണം. തുടർന്നു കുടുംബാംഗങ്ങൾ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാകുകയും എമിറേറ്റ്സ് ഐഡി നടപടികൾ പൂർത്തിയാക്കുകയും വേണം.

സ്ത്രീകളാണു ഭർത്താവിനെ കൊണ്ടുവരുന്നതെങ്കിൽ ഭർത്താവിൻറെ സമ്മതപത്രം ആവശ്യമാണ്.  സ്പോൺചെയ്യുന്ന ഭർത്താവിന്റെയോ ഭാര്യയുടെയോ വീസ കാലാവധി വരെ കൂടെയുള്ളവർക്കു രാജ്യത്തു തുടരാം.