പുതുജീവിതം തന്ന നാടിനെ കൈവിടാതെ മലയാളികള്‍; പ്രളയത്തെ അതിജീവിച്ച് യുഎഇ

gulfthisweek
SHARE

യുഎഇ സ്വപ്നം കണ്ടിട്ടില്ലാത്ത അത്രയും മഴ. ന്യൂനമർദ്ദം അതിന്റെ എല്ലാ രൗദ്രഭാവവും പുറത്തെടുത്തപ്പോൾ 24 മണിക്കൂറിൽ പെയ്തത് ഒന്നര വർഷം കൊണ്ടു പെയ്യേണ്ട മഴ. അതായിരുന്നു ഏപ്രിൽ 16 ചൊവാഴ്ച രാജ്യത്ത് പെയ്തിറങ്ങിയത്. രാജ്യം വെള്ളപ്പൊക്കത്തിന്റെ പിടിയിലായി. ദിവസങ്ങളെടുത്തു എല്ലാം പഴയപടിയാകാൻ. അതിന് അധികൃതർക്കൊപ്പം മുന്നിട്ടിറങ്ങിയതാകട്ടെ പ്രവാസി മലയാളികളും. വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കി ഭക്ഷണപൊതികളും അവശ്യവസ്തുക്കളുമായി കയ്മെയ് മറന്ന് മുന്നിട്ടിറങ്ങിയ മലയാളികൾ പ്രവാസത്തും ചരിത്രം സൃഷ്ടിച്ചു.

എഴുപത്തഞ്ച് വർഷത്തെ ചരിത്രത്തിനിടയിൽ ഇങ്ങനെയൊരു മഴയ്ക്ക് യുഎഇ സാക്ഷ്യംവഹിച്ചിട്ടില്ല. തുള്ളിക്കൊരുകുടം പോൽ മഴ പെയ്തിറങ്ങിയപ്പോൾ റോഡുകൾ പുഴകളായി. വൈകാതെ വെള്ളം ഫ്ലാറ്റുകളുടെ പേസ്മെന്റുകളിലേക്കും വില്ലകളിലേക്കും ഇരച്ചുകയറി. നോക്കിനിൽക്കണേ പതിവ് ന്യൂനമർദമെന്ന് കരുതിയ മഴ രാജ്യത്തെ നിശ്ചലമാക്കി. വാഹനങ്ങളിൽ വെള്ളം കയറി പലയിടങ്ങളിലും ഗതാഗതം പൂർണമായി തടസപ്പെട്ടു.   ചരിത്രത്തിലിതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ മഴ കലിത്തുള്ളി പെയ്തപ്പോൾ രക്ഷാപ്രവർത്തനത്തിന് ആദ്യം മുന്നിട്ടിറങ്ങിയത് മലയാളികളായിരുന്നു. ഫ്ലാറ്റുകളിൽ കുടുങ്ങിപോയവർക്ക് അരയ്ക്ക് മുകളിൽ വെള്ളത്തിലൂടെ നടന്ന് അവശ്യസാധനങ്ങളെത്തിക്കുന്നതിൽ മുൻപന്തിയിൽ അവരുണ്ടായിരുന്നു. ഒരു പ്രളയത്തെ അതിജീവിച്ചത്തിന്റെ അനുഭവും ഉൾക്കരുത്തുമാണ് കയ്മെയ് മറന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് മലയാളിയെ നയിച്ചത്.

വാട്സാപ് ഗ്രൂപ്പുകളിലൂടെ മുൻപരിചയമില്ലാത്തവർപോലും ഒത്തുചേർന്ന് ഒരേ മനസോടെ രക്ഷപ്രവർത്തനത്തിനിറങ്ങി. കൃത്യമായ വിവരങ്ങൾശേഖരിച്ച് ഒരാഴ്ചയിലേറെ എണ്ണയിട്ട യന്ത്രം പോലെയായിരുന്നു ഇവരുടെ പ്രവർത്തനം. രാജ്യമൊട്ടാകെ മഴയുടെ ദുരിതം അറിഞ്ഞെങ്കിലും ഏറ്റവും കൂടുതൽ ബാധിച്ചത് ഷാർജയിലെ അൽ മജാസ്, അൽ ഖാസ്മിയ അൽ വസ്ദ , അബുഷാഖര മേഖലകളെയാണ്. .അബുദാബിയിൽ നിന്നുവരെ ബോട്ടുകൾ എത്തിച്ചായിരുന്നു ഷാർജയിലെ രക്ഷാപ്രവർത്തനം. ഇത് കേരളത്തിലെ പ്രളയകാലത്തെ ഓർമിപ്പിച്ചു ഷാർജ ഗവർണമെന്റിന്റെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ വോളിന്റിയർമാരായി മുൻപന്തിയിൽ ഉണ്ടായിരുന്നതും മലയാളികൾ തന്നെ 2018ലെ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു തൃശൂർക്കാരി സൽമ സജിന് ഷാർജയിലെ വെള്ളക്കെട്ടിലേക്ക് ഇറങ്ങി പ്രവർത്തിക്കുമ്പോൾ പുതുജീവിതം തന്ന നാടിനൊരു ആപത്ത് വന്നപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ദുരിതാശ്വാസത്തിന് ഇറങ്ങുകയായിരുന്നു എല്ലാവരും. നിനച്ചിരിക്കാത്ത തരത്തിൽ മഴ പെയ്തിറങ്ങി നാശംവിതച്ചപ്പോഴും അധികൃതരുടെ നേതൃത്വത്തിലുള്ള കൃത്യമായ രക്ഷാപ്രവർത്തനമാണ് ദുബായ് ഉൾപ്പെടെയുള്ള മിക്ക എമിറേറ്റുകളിലെയും ജനജീവിതം രണ്ട് ദിവസത്തിനകം സാധാരണനിലയിലെത്തിക്കാൻ സഹായിച്ചത്. സിവിൽ ഡിഫൻസ്,  പൊലീസ് എന്നിങ്ങനെ വിവിധ വകുപ്പുകൾ ഏകോപിച്ചായിപുന്നു രക്ഷാപ്രവർത്തനം. റൺവേയിൽ ഉൾപ്പെടെ വെള്ളം കയറി ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ  പ്രവർത്തനവും താറുമാറായി. ഒരാഴ്ചയിലേറെയെടുത്ത് പ്രവർത്തനം പൂർവസ്ഥിതിയിലെത്താൻ. ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ യാത്രക്കാർക്കും തുണയായത് സന്നദ്ധപ്രവർത്തകരാണ്

വെള്ളക്കെട്ടിൽ താറുമായ ദുബായ് മെട്രോയുടെ പ്രവർത്തനം ഇപ്പോഴും പൂർണതോതിൽ പ്രവർത്തനക്ഷമമായിട്ടില്ല. എങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ ലക്ഷ്യസ്ഥാനത്തെത്താൻ ബസുകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട് ആർടിഎ.  മഴവെള്ളം കുത്തിയൊലിച്ചെത്തിയ ഓൺപാസിവ് സ്റ്റേഷനിൽ ഇപ്പോഴും മെട്രോ നിർത്തി തുടങ്ങിയിട്ടില്ല. പ്രവാസികളെ സംബന്ധിച്ച് അവരുടെ രണ്ടാമത്തെ വീടാണ് യുഎഇ. അതുകൊണ്ട് തന്നെ അവിടെയൊരു ദുരിതം ഉണ്ടാകുമ്പോൾ മുൻപിൻനോക്കാതെ മുന്നിറങ്ങിയതും അവർ തന്നെ. ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ നിന്ന്  ഭക്ഷണപൊതികളാക്കി ഷാർജയിലെത്തിച്ചത് മലയാളികൾ ഉൾപ്പെടെയുള്ല വീട്ടമ്മാരുടെ നേതൃത്വത്തിലാണ്. മഴ വിതച്ച നാശത്തിൽ നിന്ന്  അദ്ഭുതകരമായ അതിജീവനത്തിന്റെ കാഴ്ചകൾക്കാണ്  രാജ്യം സാക്ഷിയായത്.  അതിന്റെ അമരത്തും അണിയറയിലും മുൻപന്തിയിലുണ്ടായത് മലയാളികളും. ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ യുഎഇയ്ക്ക് സാധിക്കുമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ചാണ് ഈ പ്രതിസന്ധിഘട്ടവും കടന്നുപോയത്.  ഒപ്പം എല്ലാവരും ഒ ത്തൊരുമിച്ചാൽ ഏത് പ്രതിസന്ധിയേയും നിഷപ്രഭമാക്കാമെന്ന പാഠവും.

Gulf This Week

MORE IN GULF THIS WEEK
SHOW MORE