രാജ്യത്തെ ജനങ്ങളുടെ ശാക്തീകരണത്തിന് പ്രഥമ പരിഗണന: യുഎഇ പ്രസിഡന്റ്

യുഎഇ ജനതയുടെ ശാക്തീകരണത്തിനായിക്കും എന്നും പ്രഥമ പരിഗണനയെന്ന് യുഎഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പ്രസിഡന്‍റ് പദവി ഏറ്റെടുത്തശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

യുഎഇ പൗരൻമാർക്ക് സന്തോഷത്തോടെ ജീവിക്കാനുള്ളതെല്ലാം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. രാജ്യത്തിന്‍റെ പരമാധികാരത്തെയും സുരക്ഷയേയും ബാധിക്കുന്ന ഒന്നിനെയും വച്ചുപൊറുപ്പിക്കില്ല. യുഎഇയിലും അതുവഴി ലോകത്തും സമാധാനവും സ്ഥിരതയും നിലനിർത്തുകയെന്ന നയം തുടരുമെന്നും അതിനുവേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്‍റെ വികസനത്തിൽ പ്രധാനപങ്കുവഹിച്ച പ്രവാസികളുടെ സേവനത്തെ ഏറെ വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഎഇ പ്രസിഡന്‍റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ  എല്ലാ ലോകനേതാക്കളോടും അദ്ദേഹം നന്ദി പറഞ്ഞു. ഒപ്പം തന്നെ വലിയ  ഉത്തരവാദിത്തം ഏൽപിച്ച സുപ്രീം കൌണ്‍സിൽ അംഗങ്ങളോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.