ഭൂസ്വത്തുമായി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവാസികള്‍ക്കായി യുഎഇയിൽ റവന്യൂ അദാലത്ത്

ഭൂസ്വത്തുമായി സംബന്ധമായ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യുഎഇയിൽ റവന്യൂ അദാലത്ത് നടത്തുമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ.രാജൻ. മന്ത്രിയും ഉദ്യോഗസ്ഥരും നേരിട്ടെത്തി ആറുമാസത്തിലൊരിക്കലാണ് അദാലത്ത് നടത്താൻ ഉദ്ദേശിക്കുന്നത്. അതേസമയം, കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചാൽ അദാലത്ത് ഓൺലൈനായി നടത്തുമെന്നും മന്ത്രി ദുബായിൽ പറഞ്ഞു.

പ്രവാസികളുടെ നാട്ടിലെ സ്വത്ത്, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രവാസലോകത്തെത്തി നേരിട്ട് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റവന്യൂ വിഭാഗം അദാലത്തിനൊരുങ്ങുന്നത്. ആറുമാസത്തിലൊരിക്കൽ മന്ത്രി ഉദ്യോഗസ്ഥർക്കൊപ്പം യുഎഇയിൽ നേരിട്ടെത്തി അദാലത്ത് നടത്തുകയാണ് ലക്ഷ്യം. ലാൻഡ് റെവന്യൂ കമ്മീഷൻ വഴിയായിരിക്കും ഇതിനായുള്ള നടപടിക്രമങ്ങളെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. യുഎഇയിൽ അദാലത്ത് നടത്തുന്നതിനു കേന്ദ്രസർക്കാർ തടസമുന്നയിച്ചാൽ ഓൺലൈനായി നടത്തും.

അതേസമയം, ഡിജിറ്റൽ സർവേ നടപടികൾ നാലുവർഷംകൊണ്ടു പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 807 കോടി 38 ലക്ഷമാണ് ചെലവ് വരുന്നത്. എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് വഴി 4700പേരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി യുഎഇയിലെത്തിയ കെ.രാജൻ ദുബായിലെ മാധ്യമപ്രവർത്തരുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് കാര്യങ്ങൾ വിശദീകരിച്ചത്.