കനത്ത മഴ; യുഎഇയുടെ ചില ഭാഗങ്ങളില്‍ റെഡ് അലര്‍ട്ട്

കനത്ത മഴയെ തുടർന്ന് യുഎഇയുടെ ചില ഭാഗങ്ങളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. അൽഐൻ മേഖലയിലും ദുബായിയുടെ ചില പ്രദേശങ്ങളിലും ഷാർജയുടെ ചില ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മഴ ശക്തിപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അൽ ഐനിലെ ഖതം അൽ ഷക്‌ല, മലാകിറ്റ്, അൽ സരൗജ്, അൽ നൗദ്, ട്രക്ക് റോഡ്, നഹിൽ, അൽ ദഹിർ, അലമെര, അൽ സാദ്, അൽ ഹിയർ, റിമാഹ്, സാബാ, അൽ വിഗാൻ, അൽ ഖ്വാവ എന്നിവിടങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. ഷാർജയിലെ അൽ മദാം, നസ്‍വ തുടങ്ങിയ സ്ഥലങ്ങളിലും ദുബായിൽ ലഹ്ബാബ്, മർഗാഹം, ലിസലി എന്നി സ്ഥലങ്ങളിലും മഴ ലഭിച്ചുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴയ്ക്കൊപ്പം ആലിപ്പഴവും വീഴുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. താഴ്‌വരകളിൽ നിൽക്കുന്നതും മണ്ണൊലിപ്പുള്ള പ്രദേശങ്ങളിൽ പോകുന്നതും വിലക്കി. വെള്ളപ്പൊക്ക പ്രദേശങ്ങൾ സന്ദർശിക്കരുതെന്നും അധികൃതർ അഭ്യർഥിച്ചു.

ഡിജിറ്റൽ സ്ക്രീനിലെ ട്രാഫിക് നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നു ഡ്രൈവർമാർക്കു നിർദേശം നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴയുടെ ദൃശ്യങ്ങൾ കാലാവസ്ഥാ വകുപ്പ് അധികൃതർ ട്വിറ്ററിൽ പങ്കുവച്ചു.