മഴ ശമിച്ചു;ദുബായ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലായി

dubai-rain
SHARE

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയിൽ, താളംതെറ്റിയ ദുബായ് വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിലായി. ഇന്നലെ മുതൽ സർവീസുകളെല്ലാം പുനരാരംഭിച്ചതായി എയർപോർട്ട് സിഎഇ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു. അതേസമയം വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം കൂടിയതിനെ തുടർന്ന് രാജ്യത്ത് യെലോ അലർട് പ്രഖ്യാപിച്ചു. 

എട്ടു ദിവസമെടുത്ത് മഴമൂലം പ്രതിസന്ധിയിലായ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലെത്തിക്കാൻ. ബാഗേജ് വിതരണം പുരോഗമിക്കുകയാണെന്നും നിലവിൽ ദിവസവും 1400 വിമാനങ്ങൾ ദുബായ് എയർപോർട്ട് വഴി സർവീസ് നടത്തുന്നുണ്ടെന്നും സിഇഒ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു. കനത്തമഴയെതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നുൾപ്പെടെയുളള 2155 വിമാന സർവീസുകളാണ് റദ്ദാക്കിയത്.  115 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അൽ മംക്തും വിമാനത്താവളത്തിൽ കുടുങ്ങിയ എല്ലാ യാത്രക്കാരെയും ഏപ്രിൽ 19 നകം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായെന്ന് ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. 75000 ഭക്ഷണപൊതികളാണ് യാത്രക്കാർക്ക് വിതരണം ചെയ്തത്.  

വ്യോമയാന മേഖലയിലുടനീളമുള്ള ആയിരക്കണക്കിന് ജീവനക്കാർ രാപ്പകൽ പ്രയത്നിച്ചാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്‍റെയും അൽ മംക്തും വിമാനത്താവളത്തിന്‍റെയും പ്രവർത്തനം പുനസ്ഥാപിച്ചതെന്ന് ഗ്രിഫിത്ത്സ് വ്യക്തമാക്കി. വിമാനത്താവളത്തിനകത്തും പുറത്തുമുള്ള റോഡുകളിലെ വെള്ളക്കെട്ട് പൂർണമായി നീക്കി.  ഇതോടൊപ്പം ഷാർജ, അബുദാബി, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും പൂർവസ്ഥിതിലായിട്ടുണ്ട്. അതേസമയം വടക്ക് പടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെ ആയതിനെ തുടർന്ന് രാജ്യത്ത് യെലോ അലർട്ട് പ്രഖ്യാപിച്ചു. കാറ്റിനെ തുടർന്ന് കാഴ്ച പരിധി 2000 മീറ്ററിൽ താഴെയായിട്ടുണ്ട്. കടൽ പ്രക്ഷുബ്ദുമായിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ രാജ്യത്ത് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാപ്രവചനം.

MORE IN GULF
SHOW MORE