പുണ്യറമസാന്‍റെ നിര്‍വൃതിയില്‍ വിശ്വാസികള്‍; നോമ്പുതുറ അറിയിക്കാന്‍ ആചാരവെടി

gulfthisweel
SHARE

ഉപവാസത്തിന്റെയും ഉപസാനയുടെയും രാപ്പകളുമായി വീണ്ടുമൊരു റമസാൻ മാസം. ആത്മവിശുദ്ധിയുടെ ചൈതന്യം പകർന്ന് ഗൾഫ് രാജ്യങ്ങളിൽ ഇക്കുറി റമസാൻ നേരത്തെയെത്തി. ഒമാൻ മാത്രം കേരളത്തിനൊപ്പമാണ് റമസാൻ വ്രതമാരംഭിച്ചത്.  നോമ്പും പ്രാർഥനയുമായി വിശുദ്ധിയുടെ പുണ്യത്തിലേക്ക് കടന്നതിന്റെ നിർവൃതിയിലാണ് വിശ്വാസി സമൂഹം. റമസാൻ പിറന്നതോടെ,, ആരാധനാലയങ്ങളിൽനിന്നും മുസ്‍ലിം ഭവനങ്ങളിൽനിന്നും ദിവ്യവചനങ്ങളുടെ നിലയ്ക്കാത്ത അലയൊലികൾ.... വിശ്വാസികൾക്ക്  പ്രാർഥനാനിർഭരമായ ദിനരാത്രങ്ങൾ. ജീവിതത്തില്‍ വിശുദ്ധി കൈവരിക്കാന്‍ വിശ്വാസികളെ ക്ഷണിക്കുകയാണ് റമസാൻ.    സൗം എന്ന അറബി വാക്കിന് സംയമനം അഥവാ വിട്ടുനില്‍ക്കല്‍ എന്നാണര്‍ഥം. നിഷിദ്ധമായ കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനാണ് വ്രതാനുഷ്ഠാനം പ്രേരിപ്പിക്കുന്നത്. മനസും ശരീരവും ദൈവത്തിൽ അർപ്പിച്ചു ആത്മസംയമനത്തിന്റെ പാതയിലാണ് ഓരോ വിശ്വാസിയും

അന്നപാനീയങ്ങൾ ഉപേക്ഷിച്ചുള്ള ആരാധനയ്ക്ക് അപ്പുറം അകവും പുറവും ശുദ്ധമാക്കുന്ന മുപ്പത് ദിനരാത്രങ്ങൾ. ഓരോ പകലിനും ഓരോ രാത്രിക്കും അതിന്റേതായ പ്രത്യേകകതളും സവിശേഷതകളുമുണ്ട്. ആദ്യ പത്ത് , രണ്ടാമത്തെ പത്ത്, മൂന്നാമത്തെ പത്ത് എന്നിങ്ങനെ മൂന്നായി തിരിച്ചാണ് പുണ്യമാസത്തിലെ ആരാധനയും സവിശേഷതകളും വിവരിക്കുന്നത്. അനുഗ്രഹത്തിന്‍റെ ആദ്യ പത്തു നാളുകളിലൂടെയാണ് വിശ്വാസസമൂഹം ഇപ്പോൾ കടന്നുപോകുന്നത്. സൗദിയിൽ ഞായറാഴ്ച മാസപ്പിറവി കണ്ടതോടെയാണ് മാർച്ച് പത്തിന് ഗൾഫ് രാജ്യങ്ങളിൽ വ്രതം തുടങ്ങിയത്.  അതേസമയം രാജ്യത്തു മാസപ്പിറവി കാണാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി കേരള ജനതയ്ക്കൊപ്പം ചൊവ്വാഴ്ചയാണ് ഒമാൻ നോമ്പിലേക്ക് കടന്നത്. റമസാനിലെ സന്ധ്യകളിലേ ഗൾഫിലെ വേറിട്ട കൗതുക കാഴ്ചയാണ് ഇത്.  നോമ്പുതുറയുടെ സമയം അറിയിക്കുന്ന പാരമ്പര്യ തനിമയിലേക്കാണ് വെടി പൊട്ടിക്കുന്നത്.  

ഉച്ചഭാഷിണി ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന 1800മാണ്ടില്‍ ആരംഭിച്ചതാണ് ഈ ആചാരം. വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവരെയും കര, കടൽ യാത്രാ സംഘത്തെയും നോമ്പുതുറ സമയം അറിയിക്കാനുള്ള മാർഗമായിരുന്നു അത്. സാങ്കേതികവിദ്യ പുരോഗമിച്ചെങ്കിലും കൈവിട്ടുകളായാതെ ഈ ആചാരത്തെ  പൈതൃകത്തോടൊപ്പം ചേര്‍ത്തുവയ്ക്കുകയാണ് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍.യുഎഇയിൽ അതാത് എമിറേറ്റുകളിലെ പൊലീസിനാണ് ആചാര വെടിമുഴക്കാനുള്ള ചുമതല. നോമ്പുതുറയ്ക്കായി ഒരു വെടിയും പെരുന്നാളിന്റെ വരവറിയിച്ച് 2 വെടിയും പൊട്ടിക്കും.  ഓരോ വിശ്വാസിക്കും മനസ്സിലെ അഴുക്കുകൾ കഴുകി കളഞ്ഞ് ശുദ്ധി വരുത്താനുള്ള സുവർണാവസരമാണ് റമസാൻ. 11 മാസത്തെ ജീവിതത്തിന് നോമ്പിലൂടെ കടിഞ്ഞാണിട്ട് വ്രതാനുഷ്ഠാനത്തിലൂടെ  ആത്മ ശുദ്ധിയും കൈവരിക്കുകയാണ് വിശ്വാസികള്‍. പങ്കുവയ്ക്കലിന്റെ മഹാത്തായ സന്ദേശം കൂടിയാണ് ഓരോ റമസാൻ മാസവും ലോകത്തിന് പകർന്ന് നൽകുന്നത്. ഉപവാസത്തിലൂടെ പട്ടിണിക്കാരനെ അനുഭവിച്ചറിയുന്നവർ, ഒരോ മനസോടെ ഉള്ളത് പങ്കുവച്ച് ഉണ്ണുന്ന കാഴ്ചയാണ് ഓരോ ഇഫ്താർ വിരുന്നും. പള്ളികളും പൊതു സ്ഥലങ്ങളും കേന്ദ്രീകരിച്ച് പ്രത്യേക തമ്പുകൾ ഒരുക്കിയാണ് സമൂഹ നോമ്പുതുറയുടെ പുണ്യം നുകരുന്നത് ലേബർ ക്യാംപുകളിൽ വിവിധ സംഘടനകളുടെ  നേതൃത്വത്തിലാണ് ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നത്. അംഗീകൃത ജീവകാരുണ്യ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് മലയാളി സംഘടനകളും പതിവായി ഈ പുണ്യകർമത്തിൽ പങ്കാളാകുന്നുണ്ട്. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാണ് ഇത്

വിശുദ്ധ ഖുർആൻ അവതരിച്ച മാസം കൂടിയാണ് റമസാൻ റമസാൻ പിറന്നതോടെ  മക്കയിലേക്കും മദീനയിലേക്കുമുള്ള തീര്‍ഥാടകരുടെ ഒഴുക്ക് വര്‍ധിച്ചു. ഹറം പള്ളികളിൽ തീര്‍ഥാടകര്‍ക്ക് സുഗമമായി കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള എല്ലാം സജ്ജമാണെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അബുദാബി ഷെയ്ഖ് സയിദ് ഗ്രാൻഡ് മോസ്കിൽ പ്രത്യേകം കമ്മിറ്റികളും ടീമുകളും നിശ്ചയിച്ചാണ് വിശ്വാസികൾക്ക് സൗകര്യമൊരുക്കി വരുന്നത്. വ്രതാനുഷ്ഠാനത്തിലൂടെ വ്യക്തിക്ക് കൈവരുന്നത് ആത്മസംസ്കരണമാണ്. ഇതുവഴി കുടുംബത്തിലും സമൂഹത്തിലും ലോകത്തും സമാധാനം കൈവരുന്നവെന്നതാണ് സാമൂഹിക മാനം.  ഗൾഫ് നാടുകളിൽ മതസൗഹാര്‍ദത്തിന്റെയും കൂടിച്ചേരലുകളുടെയും കാലം കൂടിയാണ് റമസാൻ.

MORE IN GULF THIS WEEK
SHOW MORE