ആത്മീയ ശോഭയില്‍ 'ലൈറ്റ് ഓഫ് അവര്‍ നൈറ്റ്'; വിശ്വാസി സമൂഹത്തിനായി സാംസ്‌കാരികോൽസവം

gulf
SHARE

വിശുദ്ധ റമസാനിലെ പകലുകളില്‍ അന്ന പാനീയം വെടിഞ്ഞ് ഉപവാസത്തില്‍ കഴിയുകയാണ് വിശ്വാസി സമൂഹം. എന്നാല്‍ റമസാൻ രാവുകളിലെ ആത്മീയ ശോഭകള്‍ക്ക് കൂടുതല്‍ നിറം പകരുകയാണ് സൗദി സാംസ്‌കാരിക മന്ത്രാലയം. 'ലൈറ്റ് ഓഫ് അവര്‍ നൈറ്റ്' എന്ന പേരില്‍ വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ചാണ് റമസാൻ രാവുകളിലെ സാംസ്‌കാരികോൽസവം. അതിന്റെ വിശേഷങ്ങളിലേക്ക്.

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമസാന്‍. വേദഗ്രന്ഥത്തിലൂടെ മാര്‍ഗ ദര്‍ശനം ലഭിച്ചതിന്റെ നന്ദി പ്രകടനമാണ് വ്രതാനുഷ്ടാനം. പ്രാര്‍ഥനകള്‍ നിര്‍വഹിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തും ആത്മ സംസ്‌കരണം നേടുകയാണ് വിശ്വാസി സമൂഹം. എന്നാല്‍ റമസാൻ വ്രതം സമ്മാനിക്കുന്ന മാനവിക മൂല്യങ്ങളും ശാരീരികവും മാനസികവും ആരോഗ്യകരവുമായ ചൈതന്യം പരിചയപ്പെടുത്തുകയുമാണ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കിയ ലൈറ്റ് ഓഫ് അവര്‍ നൈറ്റ് സാംസ്‌കാരികോൽസവം.

റിയാദ് തുമൈരി സ്ട്രീറ്റില്‍ മസ്മക് കോട്ടയോട് ചേര്‍ന്നുളള പ്രദേശത്ത് 14 വിഭാഗങ്ങളായി തിരിച്ചാണ് റമസാന്‍ സീസണ്‍ സാംസ്‌കാരികോൽസവം. ഇവിടെ ഒരുക്കിയിട്ടുളള അല്‍ നൂര്‍ ഗാലറിയില്‍ വ്രതാനുഷ്ടാനം നേടിത്തരുന്ന അടിസ്ഥാന സ്വഭാവ സവിശേഷതകള്‍ ചിത്രീകരിച്ചിട്ടുണ്ട്. സഹനശക്തി, പരോപകാരം, ദയ, പരസ്പരബന്ധം, മനുഷ്യസ്‌നേഹം, ധാര്‍മികത, ക്ഷമാശീലം, മഹാമനസ്‌കത തുടങ്ങിയ മാനവിക മൂല്യങ്ങളാണ് വിശദീകരിക്കുന്നത്.

ദൈവം ഗബ്രിയേല്‍ മാലാഖ മുഖേന പ്രവാചകന് കൈമാറിയ ദിവ്യ സന്ദേശമാണ് ഖുര്‍ ആന്‍. പ്രവാചകനും അനുചരന്‍മാരും മനപ്പാഠമാക്കിയാണ് ഖുര്‍ ആന്‍ സൂക്ഷിച്ചിരുന്നത്. പിന്നീട് തുകല്‍ ചുരുളുകള്‍, പാറയുടെ പ്രതലങ്ങള്‍ തുടങ്ങി പലയിടങ്ങളിലും രേഖപ്പെടുത്തി സൂക്ഷിച്ചു. പിന്നീട് ഖലീഫ അബൂബക്കറാണ് ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ നേതൃത്വം നല്‍കിയത്. അതി പുരാതന അറബിക് ലിപികളില്‍ സ്വരചിഹ്‌നങ്ങള്‍ അഥവാ ഹറകാത്ത് ഉണ്ടായിരുന്നില്ല. പ്രദര്‍ശന നഗരിയില്‍ ആധുനിക അറബിക് ലിപിയുടെ വിവിധ ശൈലികള്‍ രൂപം കൊണ്ടത് വിശദീകരിക്കുന്നുണ്ട്. മാത്രമല്ല എഴുത്തു രീതി പ്രദര്‍ശിപ്പിക്കുന്ന അറബിക് കലീഗ്രഫി വിദഗ്ദനെയും കാണാം.

ഉൽസവ നഗരിയിലെ മറ്റൊരു ആകര്‍ഷണം പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളാണ്. രാജ്യത്തെ 13 പ്രവിശ്യകളിലെയും തനതു വിഭവങ്ങള്‍ തയ്യാറാക്കുന്ന ലൈവ് കുക്കറി ഷോ എല്ലാ ദിവസവും മേളയില്‍ ദൃശ്യമാണ്. എങ്കിലും അതിപുരാതനമായ മൂന്ന് ലഘുഭക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധനേടി. 13-ാം നൂറ്റാണ്ടില്‍ മക്കയില്‍ ഉൽഭവിച്ച ലുഖൈമാത്, ഖസിം പ്രവിശ്യയിലെ ത്വവോ ബ്രഡ്, അല്‍ ഹസയിലെ അല്‍ ബലാലീത് തുടങ്ങിയവയാണ് ലഘുഭക്ഷണങ്ങള്‍.

വിവിധ ഭൂഖണ്ഡങ്ങളിലെ ഉപവാസ സമയം ഭൂമിശാസ്ത്ര പരമായ അക്ഷാംശം അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഭൂമധ്യ രേഖയില്‍ നിന്നുളള ദൂരവും സമയ വ്യത്യാസത്തിന് ഇടവരുത്തും. ഇതെല്ലാം വിശദമാക്കുന്ന പവിലിയനില്‍ റമസാന് സ്വാഗതം ഓതിക്കൊണ്ടുളള ഭൂഗോളത്തിന്റെ മാതൃകയില്‍ 'നമസ്‌തേ റംസാന്‍' എന്ന് ഹിന്ദിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. വാന നീരീക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ജ്യോതിശാസ്ത്ര നിരീക്ഷണ ശാലയാണ് മറ്റൊരു കൗതുകം. മാസപ്പിറവി സൂക്ഷ്മമായി നിരീക്ഷിക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം. മാസപ്പിറവി മുതല്‍ ഓരോ ദിവസവും ചന്ദ്രന്‍ വികസിക്കുന്ന ഘട്ടങ്ങള്‍ പ്രദര്‍പ്പിച്ചിട്ടുണ്ട്.  മാസപ്പിറവി ദര്‍ശിക്കാന്‍ ഉപയോഗിക്കുന്ന കൂറ്റന്‍ ബൈനോക്കുലര്‍ ഉപയോഗിച്ച് ചന്ദ്രനെ നിരീക്ഷിക്കാനും സന്ദര്‍കര്‍ക്ക് അവസരവുമുണ്ട്.

കുട്ടികള്‍ക്ക് കളിക്കാനും ഉല്ലസിക്കാനും കിഡ്‌സ് കോര്‍ണര്‍, കരകൗശല വസ്തുക്കള്‍ നിര്‍മിക്കാന്‍ പരിശീലനം നല്‍കുന്ന 'മനാറ ആര്‍ട്', റമസാന്‍ ചൈതന്യം പ്രതിഫലിപ്പിക്കുന്ന വിവിധ കലാ രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 'അല്‍ സിറാജ്' എന്നിവയും സന്ദർശകർക്ക് കൗതുക കാഴ്ചകളാണ് സമ്മാനിക്കുന്നത്. വിഭവ സമൃദ്ധമായ ഇഫ്താര്‍, സുഹൂര്‍ എന്നിവയ്ക്കായി അല്‍ തുറയ്യ ഡൈനിങ് എന്ന പേരില്‍ പഞ്ചനക്ഷത്ര ഹോട്ടലായ റിട്‌സ് കാള്‍ട്ടന്‍ പ്രത്യേക പവിലിയനും ഒരുക്കിയിട്ടുണ്ട്. റമസാനിലെ ഉപവാസം പകര്‍ന്നു നല്‍കുന്ന കരുത്തിന് പുറമെ അറബ് ജനതയുടെ ജീവിതം, വസ്ത്രധാരണം, ആചാരം, അനുഷ്ടാനം, ഭക്ഷണരീതി തുടങ്ങിയ സാംസ്‌കാരിക മൂല്യങ്ങള്‍ക്കു പ്രാധാന്യം നല്‍കിക്കൊണ്ടാണ് മേള ഒരുക്കിയിട്ടുളളത്. റിയാദിന് പുറമെ ജിദ്ദയിലെ അല്‍ബലദ്, ദമ്മാമിലെ വാട്ടര്‍ഫ്രണ്ട് എന്നിവിടങ്ങളിലും 'ലൈറ്റ് ഓഫ് അവര്‍ നൈറ്റിന്' വേദി ഒരുക്കിയിട്ടുണ്ട്. അനുഗ്രഹീത ദിനങ്ങള്‍ കൂടുതല്‍ പ്രകാശപൂരിതമാക്കാന്‍ റമസാനിലെ രാത്രികള്‍ക്ക് കഴിയും. മാത്രമല്ല, രാജ്യത്തെ നഗരങ്ങളിലും തെരുവുകളിലും കൂടുതല്‍ സന്തോഷവും സമാധാനവും സമ്മാനിക്കാന്‍ സാംസ്‌കാരികോൽസവത്തിന് സാധ്യമാകും എന്ന കാര്യത്തില്‍ സംശയമില്ല. 

Gulf this week

MORE IN GULF THIS WEEK
SHOW MORE