ഇന്ത്യയിൽ നക്സലേറ്റ് വിപ്ലവത്തിന് ആരംഭം കുറിച്ചിട്ട് 50 വർഷം കഴിഞ്ഞിരിക്കുന്നു. 1967 മെയ് മാസത്തിലാണ് നക്സൽ ബാരിയിൽ വസന്തത്തിന്റെ ഇടി മുഴങ്ങുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ പീപ്പീൾസ് ഡെയ്ലിയാണ് ഇന്ത്യയിൽ വിപ്ലവത്തിന്റെ വരവറിയിച്ചത്. നക്സൽ ബാരി പ്രസ്ഥാനത്തിന് ഒരു സർവ്വദേശീയ മുഖമുണ്ടായിരുന്നു.
അതു വരെ ബ്രിട്ടീഷ് അധികാരികൾ ഇന്ത്യക്കാരെ വെടിവെച്ചു കൊന്നു എന്നു കേട്ട് ശീലിച്ച ജനത തങ്ങളുടെ ഗവൺമെന്റ് തങ്ങൾക്കെതിരെ തിരിയുക എന്നതിലെ നീതിയെ കുറിച്ച് ചിന്തിച്ചു തുടങ്ങി. 1967-ൽ കാനു സന്യാലിന്റെയും ചാരു മജൂംദാറിന്റെയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം)-ന്റെ ഒരു ഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, അക്രമാസക്തമായ വിപ്ലവ പ്രക്ഷോഭങ്ങളിലൂടെ നക്സൽ പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചു. നീതി നിഷേധങ്ങൾക്കെതിരെയുള്ള പോരാട്ടമായി ഇന്ത്യയുടെ പലഭാഗങ്ങളിലും കേരളത്തിലുൾപ്പെടെ നക്സലിസം എന്ന ആശയം ശക്തിപ്രാപിച്ചു.