ആ നാട്ടിലേക്ക് ഇനിയില്ല; കോമൺവെല്‍ത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ താരങ്ങൾ മുങ്ങി

കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ശ്രീലങ്കൻ ടീം.

കോമൺവെല്‍ത്ത് ഗെയിംസിനായി ബർമിങ്ങാമിലെത്തിയ ശ്രീലങ്കൻ താരങ്ങളെ കാണാനില്ല. ഒൻപത് അത്‍ലീറ്റുകളും ഒരു മാനേജരും മത്സരങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം മുങ്ങിയതായാണ് വിവരം. ഇവർ യുകെയിൽ ഒളിച്ചു താമസിക്കുകയാണെന്നാണു രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. 

ജൂഡോ താരം ചമില ദിലാനി, മാനേജർ അസേല ‍ഡിസിൽവ, ഗുസ്തി താരം ഷാനിത് ചതുരംഗ എന്നിവരെ കഴിഞ്ഞ ആഴ്ചയാണു കാണാതായത്. തുടർന്ന് ശ്രീലങ്കൻ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് ലങ്കൻ താരങ്ങളിൽ ഏഴുപേരെ കൂടി കാണാതായത്. സ്വന്തം രാജ്യത്തെ ജീവിത സാഹചര്യങ്ങളെ തുടർന്നാണ് ഈ തീരുമാനത്തിൽ താരങ്ങളെത്തിയതെന്നാണ് സൂചന. തൊഴിൽ കണ്ടെത്തി യുകെയിൽ തന്നെ തുടരാനാണ് ഇവരുടെ ശ്രമമെന്ന് ഒരു ശ്രീലങ്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

ശ്രീലങ്കയിലേക്കു തിരികെയെത്തുമെന്ന് ഉറപ്പിക്കാൻ താരങ്ങളുടെയെല്ലാം പാസ്പോർട്ട് ലങ്കൻ അധികൃതർ വാങ്ങിവച്ചിരുന്നു. ഇതും മറികടന്നാണു ചില താരങ്ങൾ മുങ്ങിയത്. ആദ്യം കാണാതായ മൂന്നു പേരെ പൊലീസ് കണ്ടെത്തിയെങ്കിലും ഇവർക്കെതിരെ നടപടിയെടുക്കാനാകില്ല. ആറു മാസത്തെ വീസയാണു താരങ്ങൾക്കു നൽകിയിരിക്കുന്നതും.

ശ്രീലങ്കയിൽനിന്നു പോകുന്ന കായിക താരങ്ങളെ കാണാതാകുന്നത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ നോർവെയിലെ ഓസ്‍ലോയിലേക്ക് ഗുസ്തി ചാംപ്യൻഷിപ്പിനായി പോയ ലങ്കൻ പരിശീലകനെ കാണാതായിരുന്നു. 2014ലെ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ ഗെയിംസിനെത്തിയ രണ്ട് ശ്രീലങ്കൻ അത്‌ലീറ്റുകളെയും കാണാതായി. 2004ൽ ജർമനിയിൽ ഹാൻഡ് ബോൾ ടൂർണമെന്റിനെത്തിയ 23 അംഗ ലങ്കൻ ടീമും പിന്നീടു തിരിച്ചുപോയില്ല. ശ്രീലങ്കയ്ക്ക് ദേശീയ ഹാന്‍ഡ് ബോൾ ടീം ഇല്ലായിരുന്നുവെന്നതാണു മറ്റൊരു സത്യം.