അയഞ്ഞ് സംഘർഷം; ഗോട്ടബയ സിംഗപ്പൂരിലേക്ക് കടന്നു: രാജ്യത്ത് വീണ്ടും കര്‍ഫ്യൂ

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ മാലദ്വീപില്‍ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ചു. സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് യാത്ര. ഗോട്ടബയയെ ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാന്‍ സ്പീക്കര്‍ നിയമോപദേശം തേടി. കയ്യേറിയ പ്രധാനമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഒഴിയാന്‍ തയാറാണെന്ന് പ്രക്ഷോഭകര്‍ അറിയിച്ചു. സംഘര്‍ഷത്തിന് അയവുവന്നെങ്കിലും രാജ്യത്ത് വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു.     

ഇന്നലെ രാജിവയ്ക്കാതെ മാലദ്വീപിലെത്തിയ പ്രസിഡന്റ് ഇന്ന് ഉച്ചയോടെയാണ് ഭാര്യക്കും രണ്ട് അംഗരക്ഷകര്‍ക്കുമൊപ്പം സിംഗപ്പൂരിലേക്ക് പോയത്. സിംഗപ്പൂരില്‍ സുരക്ഷിത കേന്ദ്രത്തില്‍ എത്തിയശേഷം രാജിക്കത്ത് സ്പീക്കര്‍ക്ക് അയയ്ക്കുമെന്നാണ് സൂചന. താന്‍ കടുത്ത സമ്മര്‍ദത്തിലാണെന്നും എത്രയും വേഗം രാജിക്കത്ത് അയയ്ക്കാമെന്നും ഗോട്ടബയ അറിയിച്ചതായി സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. രാജി പ്രഖ്യാപനം അനന്തമായി നീളുന്നതിനാലാണ് ഗോട്ടബയയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാന്‍ സ്പീക്കര്‍ നിയമോപദേശം തേടിയത്. പ്രസിഡന്റ് രാജ്യം വിടുകയും ചുമതലകള്‍ പ്രധാനമന്ത്രിയെ ഏല്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ രാജിക്കത്തില്ലാതെ തന്നെ രാജിവച്ചതായി കണക്കാക്കാന്‍ കഴിയുമോ എന്നാണ് സ്പീക്കര്‍ ആരായുന്നത്. പ്രസിഡന്റ് ഔദ്യോഗികമായി രാജവയ്ക്കാത്തതിനാല്‍ നാളെ ചേരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനവും അനിശ്ചിതത്വത്തിലാണ്. നിയമോപദേശം തേടിയതായുള്ള  സ്പീക്കറുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസും പ്രസിഡന്റിന്റെ വസതിയും അടക്കം കയ്യേറിയ സര്‍ക്കാര്‍ മന്ദിരങ്ങളെല്ലാം ഒഴിയാന്‍ തയാറാണെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. പ്രതിഷേധത്തിന് അയവുവന്നെങ്കിലും രാജ്യത്ത് വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. കലാപം അവസാനിപ്പിക്കാന്‍ ഇന്നലെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ഉള്‍പ്പെട്ട സമിതിയെ റനില്‍ വിക്രമസിംഗെ നിയോഗിച്ചിരുന്നു. അതേസമയം ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിക്കാന്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന റനില്‍ വിക്രമസിംഗെ ഇന്നലെ സ്പീക്കറോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍  റനില്‍ വിക്രമസിംഗെക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ലങ്കയില്‍ സമാധാനപരമായ ഭരണ കൈമാറ്റും ഉണ്ടാവണമെന്നും സ്ഥിതിഗതികള്‍ സസൂക്ഷമം നിരീക്ഷിക്കുകയാണെന്നും യു.എന്‍. സെക്രട്ടറി ജനറല്‍ പറഞ്ഞു. ലങ്കയിലെ ഭരണപ്രതിസന്ധിക്ക് വേഗം പരിഹാരം കാണണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടു.