പ്രസിഡന്റായി മണിക്കൂറുകൾ മാത്രം; സമരക്കാരെ അടിച്ചോടിച്ചു; മാധ്യമങ്ങളെ ഇറക്കിവിട്ടു; കലങ്ങിമറിഞ്ഞ് ലങ്ക

അധികാരമേറ്റതിനു തൊട്ടുപിറകെ ജനകീയ പ്രക്ഷോഭകരെ അടിച്ചമര്‍ത്തി ശ്രീലങ്കയിലെ പുതിയ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ. പ്രസിഡന്റിന്റെ കൊട്ടാരത്തിലും സമീപ പ്രദേശങ്ങളിലും തമ്പടിച്ചിരുന്ന പ്രക്ഷോഭകരെ പുലര്‍ച്ചെ സൈനിക നടപടിയിലൂടെ തുരത്തി. സമരക്കാരുടെ ടെന്റുകള്‍ പൊളിച്ചുനീക്കി 9 നേതാക്കളെ അറസ്റ്റ്  ചെയ്തു. സൈനിക നടപടിയെ അമേരിക്കയും ബ്രിട്ടനും കാനഡയും വിമര്‍ശിച്ചു. അതിനിടെ ദിനേശ് ഗുണവര്‍ധനെയെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രിയുടെ ഒാഫിസില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റയുടനെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ നേരെപോയതു കൊളംബോ ജയവര്‍ധനപുരയിലെ പ്രതിരോധ മന്ത്രാലയത്തിലേക്കാണ്. കരസേനാ മേധാവിയടക്കമുള്ള ഉന്നത ൈസനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച. പിറകെ രാജ്യത്തിന്റെ ക്രമസമാധാന പാലനം സായുധ സേനയ്ക്കു കൈമാറിയുള്ള അസാധാരണ ഗസ്റ്റ് വിജ്ഞാപനവുമിറക്കി. മണിക്കൂറുകള്‍ക്കുള്ളില്‍ ജനകീയ പ്രക്ഷോഭകര്‍ക്കെതിരെ സൈനിക നടപടി തുടങ്ങി. പുലര്‍ച്ചെ ആയിരക്കണക്കിനു പട്ടാളക്കാര്‍ ഗോള്‍ഫേസിലെ സമര ക്യാംപുകളിലേക്ക് ഇരച്ചുകയറി. പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിലെ ടെന്റുകളും പന്തലുകളും പൊളിച്ചു. കൊട്ടാരവളപ്പില്‍ തമ്പടിച്ചിരുന്ന സമരക്കാരെ അടിച്ചോടിച്ചു. സരമത്തിനു നേതൃത്വം നല്‍കുന്ന 9 പേരെ അറസ്റ്റ് ചെയ്തു.

മാധ്യമങ്ങളെ ഇറക്കിവിട്ടതിനു ശേഷമായിരുന്നു സൈനിക നടപടി. രാജ്യാന്തര മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവര്‍ക്കു പരുക്കേറ്റു. ബി.ബി.സിയുടെ മാധ്യമ പ്രവര്‍ത്തകനെ സൈന്യം അടിച്ചോടിച്ചു. സൈനിക നടപടിയെ രൂക്ഷമായി വിര്‍ശിച്ച് പ്രതിപക്ഷവും പ്രക്ഷോഭകരും രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ പുതിയ മന്ത്രിസഭാ ഇന്നു നിലവില്‍വരും. മുന്‍പ്രധാനമന്ത്രി മഹിന്ദാ രാജപക്സെ നിര്‍ദേശിക്കുന്നയാളാണു പുതിയ പ്രധാനമന്ത്രിയെന്നാണു സൂചന.