രാജ്യം കൊളംമ്പോയിലേക്ക്; കൊട്ടാരത്തിൽ ജനകീയ വിചാരണ; ലങ്ക കത്തുന്നു

രാജ്യമൊന്നാകെ കൊളംബോയിലേക്ക്. ഭരണാധികാരികള്‍ക്കെതിരെ ശ്രീലങ്കയില്‍ ഉയര്‍ന്ന ഈ മുദ്രാവാക്യത്തോട് ജനങ്ങള്‍ ആവേശത്തോടെയാണ് പ്രതികരിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ രാജ്യം കൊളമ്പോയിലെത്തി. പ്രതിഷേധത്തിരമാലയില്‍ ദ്വീപ് രാഷ്ട്രം ഉലഞ്ഞു. പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെയുടെ കൊട്ടാരത്തില്‍ ജനകീയ വിചാരണ.

വെള്ളിയാഴ്ച തന്നെ കൊട്ടാരം വിട്ട ഗോട്ടബയ മാലി ദ്വീപിലേക്കും അവിടെനിന്ന് സിംഗപ്പൂരിലേക്കും പോയി. എന്നാല്‍ ഇതുവരെ പ്രസിഡന്‍റ് രാജിവച്ചിട്ടില്ല. പ്രസിഡന്റ് ഔദ്യോഗികമായി രാജവയ്ക്കാത്തതിനാല്‍ വെള്ളിയാഴ്ച ചേരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനവും അനിശ്ചിതത്വത്തിലാണ്. പ്രസിഡന്‍റും ഭാര്യയും രണ്ട് അംഗരക്ഷകരും വെള്ളിയാഴ്ച കൊളംബോയ്ക്കു സമീപമുള്ള വിമാനത്താവളത്തില്‍ നിന്ന് വ്യാമസേനാ വിമാനത്തില്‍ പോയതായി വ്യാമസേന പ്രസ്ഥാവനയിറക്കി. എന്നാല്‍ പ്രസിഡന്‍റ് എവിടേക്കാണ് പോയതെന്ന് വെളിപ്പെടുത്തിയില്ല. സമാധാനം നിലനിര്‍ത്താന്‍ സഹായിക്കാന്‍ സൈന്യം ജനങ്ങളോട് ആഹ്വാനം ചെയ്തു. താന്‍ ഉടന്‍ രാജിവയ്ക്കുമെന്ന് ഗോട്ടബയ അറിയിച്ചതായി സ്പീക്കറുടെ വീഡിയോ പ്രസ്ഥാവന. 

ഈ മാസം ഇരുപതിനാണ് ശ്രീലങ്കയില്‍ പുതിയ പ്രസി‍ഡന്‍റിനെ തിരഞ്ഞെടുക്കാന്‍ തീയതി തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം നടപ്പാക്കുമെന്ന് സ്പീക്കറുടെ ഉറപ്പ്. രാജിവയ്ക്കാതെ രാജ്യം വിട്ട പ്രസിഡന്‍റ് ഗോട്ടബയ പ്രധാനമന്ത്രി റനിന്‍ വിക്രമസംഗയെ ആക്ടിങ് പ്രസിഡന്‍റായി പ്രഖ്യാപിച്ചു. എരിതീയില്‍ എണ്ണയൊഴിക്കുന്ന തീരുമാനമായിമാറി ഇത്.  ഇതോടെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ തിരിഞ്ഞു.

കൊളംബോ ഫ്ലവര്‍ റോഡിലുള്ള പ്രധാനമന്ത്രിയുടെ ഓഫീസ് പ്രക്ഷോഭകാരികളുടെ പിടിയിലാകാന്‍ അധികം സമയം എടുത്തില്ല. പൊലീസുമായി വലിയ ഏറ്റുമുട്ടല്‍. പ്രസിഡന്‍റിന്‍റെ വസതി പിടിച്ചെടുത്ത അതേരീതിയിലുള്ള ജനമുന്നേറ്റത്തിന് വീണ്ടും ലങ്ക സാക്ഷ്യം വഹിച്ചു. അജ്ഞാതകേന്ദ്രത്തിലുള്ള റനില്‍ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥയും കൊളംബോയില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. സമാദാനം പുസസ്ഥാപിക്കാന്‍ റനില്‍ സൈന്യത്തിന് ഉത്തരവു നല്‍കി. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ താന്‍ സ്ഥാനം ഒഴിയുമെന്നാണ് റനില്‍ വിശദീകരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ റനില്‍ വീട്ടില്‍പോകൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി.

പ്രധാന ഗെയിറ്റ് തകര്‍ക്കാനാണ് പ്രതിഷേധക്കാര്‍ അദ്യം ശ്രമിച്ചത്. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തുടര്‍ന്ന് ഉള്ളില്‍ കയറിയ പ്രക്ഷോഭകാരികള്‍ കെട്ടിടത്തിന്  മുകളില്‍ നിന്ന് ദേശീയപതാക വീശി. പ്രധാനമന്ത്രിയുടെ ഓഫീസിനുള്ളില്‍ വിശ്രമിക്കുന്ന പ്രതിഷേധക്കാര്‍ അവിടെ ടെലിവിഷന്‍ കാണുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. കെട്ടിടത്തിനുള്ളിലും പുറത്ത് പൂന്തോട്ടത്തിലും പ്രവേശിച്ച പ്രതിഷേധക്കാരെ അവിടെ തുടരാന്‍ സായുധ  സേന പിന്നീട്  അനുവദിച്ചു. വിദ്വേഷത്തിന്‍രെ സമരമല്ല ഇതെന്നും സമാധാനമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കീഴടക്കിയ പ്രക്ഷോഭക്കാര്‍.

പ്രക്ഷോഭകര്‍ കയ്യേറിയ പ്രധാനമന്ത്രിയുടെ ഒാഫീസ് തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കം പരാജയപ്പെട്ടു. ഗോട്ടബായയെ രാജ്യവിടാന്‍ സൈന്യം സഹായിച്ചുവെന്ന് തിരിച്ചറിഞ്ഞതോടെ സൈനിക മേധാവികളുടെ ഓഫീസും പ്രക്ഷോഭക്കാര്‍ വളഞ്ഞു. സൈന്യം പ്രതിരോധിച്ചതോടെ അക്രമം രൂക്ഷമായി. തോക്കും തിരകളും പ്രക്ഷോഭക്കാര്‍ പിടിച്ചെടുത്തു. സൈനികര്‍ക്കും പൊലീസുകാര്‍ക്കും പരിക്കുണ്ട്. അന്‍പതോളം പ്രക്ഷോഭക്കാര്‍ക്കും പരുക്കുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ കണ്ണീര്‍ വാതക പ്രയോഗത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.  സൈന്യം തിരിച്ചടി തുടങ്ങിയതോടെ പ്രക്ഷോഭക്കാര്‍  പാര്‍ലമെന്റ് മന്ദരിത്തിലേക്കു പോയി. എന്നാല്‍  ഇവര്‍ക്ക് പാര്‍ലമെന്‍റ് മന്ദിരത്തിനകത്തു കയറാന്‍ കഴിഞ്ഞില്ല. പിന്നീട് സര്‍ക്കാര്‍ ചാനലായ രൂപവാഹിനി ടിവി പിടിച്ചെടുത്തു.  

സംഘര്‍ഷത്തിനിടെ പരുക്കേറ്റ സൈനികന്റെ തോക്കും 60 തിരകളും പ്രതിഷേധക്കാര്‍ കവര്‍ന്നതായി പരാതി ഉയര്‍ന്നു. കൊളംബോയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്ന് പുലര്‍ച്ചെ പിന്‍വലിച്ചെങ്കിലും വീണ്ടും പ്രഖ്യാപിച്ചു. ലങ്കയിലെ ഭരണപ്രതിസന്ധിക്ക് വേഗം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അമേരിക്ക രംഗത്തെത്തി. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നാണ് യു.എന്‍.സെക്രട്ടറി ജനറല്‍ പറയുന്നത്. മാലിയിലെത്തിയ ഗോട്ടബയക്ക് പക്ഷേ അവിടെയും പ്രതിഷേധം നേരിടേണ്ടിവന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ ഗോട്ടബയക്കെതിരെ രംഗത്തെത്തിയതോടെയാണ് സിംഗപ്പൂരിലേക്ക് പോകാന്‍ നിര്‍ബന്ധിതമായത്.

സൗദി എയര്‍ലൈന്‍സ്  വിമാനത്തിലാണ് ഗോട്ടബയ സിംഗപ്പൂരിലേക്ക് പോയത്.  സിംഗപ്പൂരില്‍ സുരക്ഷിത കേന്ദ്രത്തില്‍ എത്തിയശേഷം ഗോട്ടബയ രാജിക്കത്ത് സ്പീക്കര്‍ക്ക് അയയ്ക്കുമെന്നാണ് സൂചന. താന്‍ കടുത്ത സമ്മര്‍ദത്തിലാണെന്നും എത്രയും വേഗം രാജിക്കത്ത് അയയ്ക്കാമെന്നും ഗോട്ടബയ അറിയിച്ചതായി സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജി പ്രഖ്യാപനം അനന്തമായി നീളുന്നതോടെ ഗോട്ടബയയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാന്‍ സ്പീക്കര്‍ നിയമോപദേശം തേടി. പ്രസിഡന്റ് രാജ്യം വിടുകയും ചുമതലകള്‍ പ്രധാനമന്ത്രിയെ ഏല്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ രാജിക്കത്തില്ലാതെ തന്നെ രാജിവച്ചതായി കണക്കാക്കാന്‍ കഴിയുമോ എന്നാണ് സ്പീക്കര്‍ ആരായുന്നത്. 

നിയമോപദേശം തേടിയതായുള്ള  സ്പീക്കറുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസും പ്രസിഡന്റിന്റെ വസതിയും അടക്കം കയ്യേറിയ സര്‍ക്കാര്‍ മന്ദിരങ്ങളെല്ലാം ഒഴിയാന്‍ തയാറാണെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. കലാപം അവസാനിപ്പിക്കാന്‍ ഇന്നലെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ഉള്‍പ്പെട്ട സമിതിയെ റനില്‍ വിക്രമസിംഗെ നിയോഗിച്ചിരുന്നു. അതേസമയം ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിക്കാന്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന റനില്‍ വിക്രമസിംഗെ ഇന്നലെ സ്പീക്കറോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍  റനില്‍ വിക്രമസിംഗെക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ജനങ്ങള്‍ക്ക് സ്വീകാര്യനല്ലാത്ത റനില്‍ വിക്രമ സിംഗെയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം  ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കുകയേ ഉള്ളൂവെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ജനാധിപത്യമാര്‍ഗത്തില്‍ തിരഞ്ഞെടുപ്പു നടത്തുക മാത്രമാണ് രാജ്യത്തെ സാധാരണ നിലയിലെത്തിക്കാനുള്ള മാര്‍ഗമെന്ന്  ശ്രീലങ്കന്‍ മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ അധ്യക്ഷ അംബിക സഗുണനാഥന്‍ അഭിപ്രായപ്പെട്ടു.  ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ചതാണ് ഗോട്ടബയ രാജപക്ഷെയുടെ പിഴവെന്നും അംബിക സുഗുണനാഥന്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കി.

ഭരണം കിട്ടിയതു മുതല്‍ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതാണ് ഗോട്ടബയക്ക് വിനയായത്. ജനപക്ഷ രാഷ്ട്രീമല്ല വംശീയതയായിരുന്നു  രാജപക്സെയുടെ തിരഞ്ഞെടുപ്പായുധം. ഇതിന്‍റെ ചുവടുപിടിച്ചാണ് അധികാരത്തിലെത്തിയതും.  സമരങ്ങളെ അവഗണിച്ചത് രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചു. പാര്‍ലമെന്‍റ് ചേര്‍ന്ന് പുതിയ പ്രസി‍‍‍ഡന്‍റിനെ തിരഞ്ഞെടുക്കുന്നതു തടയാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണെന്നാണ് പ്രക്ഷോഭത്തോടുള്ള റനില്‍ വിക്രമസിംഹയുടെ ആരോപണം. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ സ്വീകാര്യനായ പ്രധാനമന്ത്രിയെ നിര്‍ദേശിക്കണമെന്നാണ് സ്പീക്കര്‍ക്കുള്ള നിര്‍ദേശം. ഇതിലൂടെ പ്രക്ഷോഭത്തെ പിടിച്ചുനിര്‍ത്താനാകുമെന്ന് പ്രതീക്ഷയിലാണ് നിലവിലെ ഭരണകൂടം. പ്രസിഡന്‍റും പ്രധാനമന്ത്രിയും ഒഴിഞ്ഞാല്‍ സ്പീക്കര്‍ക്കാണ് ശ്രീലങ്കന്‍ ഭരണഘടന പ്രകാരം ചുമതല. പുതിയ പ്രസി‍ഡന്‍റിനെ തിരഞ്ഞെടുത്താലും നിലവിലെ സഭയുടെ കാലാവധി കഴിയുംവരെയാകും അധികാരത്തിലിരിക്കാന്‍ കഴിയുക. പിന്നീട് തിരഞ്ഞെടുപ്പുനടത്തി പിന്‍ഗാമിയെ കണ്ടെത്തണം. 

അടുത്ത സര്‍ക്കാരിനെ നയിക്കാന്‍ തയാറാണെന്ന് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ധനക്ഷാമത്തിനു പിന്നാലെ മരുന്നുകളുടെ ഇല്ലായ്മയും ശ്രീലങ്കയെ വരിഞ്ഞുമുറുക്കുകയാണ്. അവശ്യമരുന്നുകളുടെ ദൗര്‍ലഭ്യം രൂക്ഷം. നോക്കിയും കണ്ടും നടക്കണം എന്ന നിര്‍ദേശമാണ് മെഡിക്കല്‍ അസോസിയേഴന്‍ നല്‍കുന്നത്. രോഗങ്ങള്‍ വരാതെ സൂക്ഷിക്കേണ്ട സമയമാണെന്ന് ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നു. മരുന്നുകളുടെ ഇറക്കുമതി നിലച്ചു. തലവേദനക്കുള്ള മരുന്നുകള്‍പോലുമില്ല. ലാബുകളും പ്രവര്‍ത്തനക്ഷമമല്ല. ചുരുക്കത്തില്‍ രോഗം വന്നാല്‍ കുടുങ്ങും. നിലവില്‍ വെള്ളിയാഴ്ചവരെയാണ് ശ്രീലങ്കയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യംവിട്ട ഗോട്ടബയയുടെ അന്തിമ ലക്ഷ്യം സൗദി അറേബ്യയാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി  സ്പീക്കര്‍  രാഷ്ട്രീയപാര്‍ട്ടികളുടെ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. റനില്‍ വിക്രമസിംഗെ സ്ഥാനമൊഴിയണമെന്നും   ആക്ടിങ് പ്രസി‍ഡന്‍റ് സ്ഥാനം സ്പീക്കര്‍ ഏറ്റെടുക്കണമെന്നും നേതാക്കള്‍  നിര്‍ദേശിച്ചു. അടുത്ത പ്രസിഡന്‍റ്് റനില്‍ വിക്രമസിംഗയെത്തന്നെയാണ് ഭരണകക്ഷി ആലോചിക്കുന്നത്. അത്തരത്തിലരു തീരുമാനം വന്നാല്‍ വീണ്ടും പ്രക്ഷോഭം തുടങ്ങിയേക്കാം. സര്‍ക്കാര്‍ മന്ദിരങ്ങള്‍ കീഴടക്കിയ പ്രക്ഷോഭകാരികള്‍ തിരിച്ചിറങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. വരാന്‍ പോലുന്ന സര്‍ക്കാരിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നു പറഞ്ഞ സമരക്കാര്‍  റനില്‍ വരാനുള്ള സാധ്യതയെ പരിഹാസത്തോടെയാണ് കാണുന്നത്. ജനപിന്തുണയില്ലാത്ത ഒരാള്‍  രാജ്യം ഭരിക്കാന്‍ തുനിഞ്ഞിറങ്ങുന്നതിനോടാണ് പരിഹാസം.

സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം തകര്‍ന്നടിഞ്ഞതോടെയാണ് ശ്രീലങ്കയില്‍ പ്രതിഷേധം ആളിക്കത്തിയത്. അധികാരത്തില്‍ അള്ളിപ്പിടിച്ചിരുന്ന രാജപക്സെ കുടുംബവാഴ്ചക്കെതിരെ ജനം മുറുമുറുത്തു. അതിന്‍റെ ക്ലെമാക്സാണ് ഇപ്പോള്‍ അരങ്ങറുന്നത്. 2022 മാര്‍ച്ച് മുപ്പത്തിയൊന്നിനാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്. പ്രസിഡന്‍റിന്‍റെ വസതിയിലേക്കായിരുന്നു മാര്‍ച്ച്. പിന്നാലെ ഗോട്ടബയയുടെ ഇളയ സഹോദരന്‍ ബാസില്‍ രാജപക്സെ ധനകാര്യമന്ത്രിപദം രാജിവച്ചു. എന്നാല്‍ മൂത്ത സഹോദരന്‍ മഹിന്ദ രാജപക്സെ പ്രധാനമന്ത്രിപദത്തില്‍ തുടര്‍ന്നു. ഏപ്രില്‍ ഒന്‍പതോടെ പ്രതിഷേധം രൂക്ഷമായി. പ്രക്ഷോഭകാരികള്‍ പ്രസിഡന്‍റിന്‍റെ വസതിക്കുമുന്നില്‍ തമ്പടിച്ചു. സമരം പതിയെ കലാപമായി മാറി. നിരവധിപ്പേര്‍ മരിച്ചു. ഒടുവില്‍ പിടിച്ചു നില്‍ക്കാനാവാതെ മഹിന്ദ്ര രാജപക്സെ പ്രധാനമന്ത്രിപദം രാജിവച്ചു. പിന്നാലെ റനില്‍ വിക്രമസിംഗെ അധികാരത്തിലെത്തി. എന്നാല്‍ കാര്യങ്ങള്‍ക്ക് വലിയ മാറ്റമുണ്ടായില്ല. 

ഇക്കഴിഞ്ഞ ഒന്‍പതാം തീയതി പ്രക്ഷോഭം രൂക്ഷമായി. പ്രസിഡന്‍റിന്‍റെ വസതി കീഴടക്കുന്ന നീക്കത്തിലേക്ക് എത്തിയത് അങ്ങനെയാണ്. പ്രസിഡന്‍റ് ഗോട്ടബയയുടെ രാജിക്കായാണ് രാജ്യം കാത്തിരിക്കുന്നത്. പുതിയ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകള്‍ എന്ന സ്പീക്കറുടെ നീക്കമാണ് താല്‍ക്കാലികമായെങ്കിലും കലാപമൊതുങ്ങാന്‍ കാരണമായിരിക്കുന്നത്. ഏതു ആഞ്ഞടിക്കാവുന്ന തിരമാലകണത്തെ ശ്രീലങ്കന്‍ ജനം. ആ പ്രതിഷേധത്തെ അടിച്ചമര്‍ത്തുക ഭരണകൂടത്തിന് എളുപ്പമല്ല. അതുകൊണ്ട് ജനങ്ങള്‍ക്കു വഴങ്ങുക എന്ന മാര്‍ഗം മാത്രമാണ് മുന്നിലുള്ളത്.