സമരത്തിലേക്കെത്തിച്ച നീതികേട്; യാത്രക്കാരെ വലച്ച മിന്നല്‍ പണി മുടക്ക്

SHARE
air-india-prg

ഏത് തരം തൊഴില്‍ സമരത്തിനും ന്യായീകരണമുണ്ട്. തൊഴിലാളികളുടെ പക്ഷത്ത് നിന്ന് നോക്കിയാല്‍ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള മറ്റെല്ലാ വഴികളും അവസാനിക്കുന്ന ഒരു ഘട്ടത്തില്‍ മാത്രം മുന്‍കൂട്ടി അറിയിച്ച്  പണിമുടക്കിയുള്ള സമരം... അതാണ് പരമ്പരാഗതമായി കണ്ടുവരുന്നതും. ടാറ്റാ ഗ്രൂപ്പിന്റെ അധീനതയിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാര്‍ പക്ഷെ, ഒരു സമരംകൊണ്ട് സ്തംഭിപ്പിച്ചത് പതിനായിരങ്ങളുടെ ജീവിതങ്ങളെയാണ്. മുന്‍കൂട്ടി അറിയിക്കാതെ, ജോലി തുടങ്ങാന്‍, വിമാനം പറന്നുയരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ കൂട്ടത്തോടെ രോഗാവധിയെടുത്തായിരുന്നു വൈമാനികരുടെ അസാധാരണ സമരം. ഫലമോ? എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ അവസാന നിമിഷം റദ്ദാക്കപ്പെട്ടു. യാത്രയ്ക്കും മടക്കയാത്രയ്ക്കുമായി ടിക്കറ്റെടുത്ത് രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനത്താവളങ്ങളിലെത്തിയ ആയിരങ്ങള്‍ പെരുവഴിയിലായി.. അവരുടെ ദുരിതങ്ങളായിരുന്നു ആദ്യദിവസം തന്നെ പൂര്‍ണതയിലെത്തിയ സമരത്തിനിടെ  ഇന്നലെ എവിടെയും കേട്ടത്. 

രാജ്യത്താകെ തൊണ്ണൂറ് സര്‍വീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്.  ഇതോടെ യാത്രയ്ക്കൊരുങ്ങിയിറങ്ങിയ ആയിരങ്ങള്‍ പെരുവഴിയിലായി. കൊച്ചിയില്‍ മാത്രം ആയിരക്കണക്കിന് യാത്രക്കാരെ പണിമുടക്ക് വലച്ചു. പുലര്‍ച്ചെയുള്ള വിമാനത്തില്‍ ഷാര്‍ജ, ദമാം, ബഹ്റൈന്‍,  മസ്കറ്റ് എന്നിവിടങ്ങളിലേക്ക്  പോകാനെത്തിയവരാണ് പണിമുടക്കിന്റെ ഏറ്റവും വലിയ ദുരിതത്തിന് ഇരയായവര്‍. പുലര്‍ച്ചെ രണ്ടിന് പുറപ്പെടേണ്ട ഷാര്‍ജ വിമാനത്തില്‍ യാത്രതിരിക്കാന്‍ പന്ത്രണ്ട് മണിയോടെ നെടുമ്പാശേരിയില്‍ എത്തിയവരെ നാലരവരെയാണ് വിമാനക്കമ്പനി പിടിച്ചിരുത്തിയത്. ഇതോടെ യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തി. ഗള്‍ഫ് മേഖലയിലേക്ക് പോവേണ്ടവയ്ക്കൊപ്പം ചില ആഭ്യന്തര സര്‍വീസുകളും റദ്ദാക്കി. 

കരിപ്പൂരില്‍ നിന്ന് പന്ത്രണ്ട് സര്‍വീസുകളാണ് ഇന്നലെ മാത്രം അവസാനനിമിഷം റദ്ദാക്കിയത്.  കൊച്ചിയിലേതിന് സമാനമായ പ്രതിഷേധങ്ങള്‍ക്കും കരിപ്പൂര്‍ വേദിയായി. വിമാനം പുറപ്പെടാന്‍ നിശ്ചയിച്ചതിന് മൂന്നുമണിക്കൂര്‍ മുന്‍പുതന്നെ ടെര്‍മിനലിലെത്തി കാത്തിരുന്നവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ പോലും വിമാനക്കമ്പനി നല്‍കിയില്ലെന്ന് പരാതിയുണ്ട്. തിരുവനന്തപുരത്ത് നിന്ന് നാല് വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്. ഗള്‍ഫ് മേഖലയിലേക്കുള്ള മൂന്നും ചെന്നൈയിലേക്കുള്ള ഒരു വിമാനവുമാണ് വൈമാനികരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് റദ്ദാക്കിയത്.  കണ്ണൂരില്‍ നിന്ന് മൂന്ന് സര്‍വീസുകളും റദ്ദാക്കി.  ചെക്ക് ഇന്‍ ചെയ്തശേഷമാണ് സമരത്തെക്കുറിച്ച് യാത്രക്കാര്‍ അറിഞ്ഞതുതന്നെ. ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസിനെയും സമരം സാരമായി ബാധിച്ചു. 

സമരത്തിന്റെ രണ്ടാംദിനമായ ഇന്നും സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കി. വൈകുന്നേരം വരെ 85 സര്‍വീസുകളാണ് ജീവനക്കാരുടെ കൂട്ട അവധിയെത്തുടര്‍ന്ന് റദ്ദാക്കിയത്. കേരളത്തില്‍ തിരുവനന്തപുരത്ത് ഇന്നും ജനദുരിതം കണ്ടു. എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെത്തന്നെ വിശദീകരണം തേടിയിരുന്നു.  വിമാന സര്‍വീസ് തടസപ്പെടും വിധം പ്രതിഷേധിച്ച 25 ജീവനക്കാരെ എയര്‍ ഇന്ത്യ ഇന്ന്  പിരിച്ചുവിട്ടു.  പൊതുജനങ്ങള്‍ക്ക് മുന്നില്‍ നാടകീയമായ നീക്കമാണെങ്കിലും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇപ്പോള്‍ കാണുന്നത് കാലങ്ങളായി പുകയുന്ന ഒരുകൂട്ടം പ്രശ്നങ്ങളുടെ ബാക്കിപത്രമാണ്.  കൃത്യമായി പറഞ്ഞാല്‍ 2022 ല്‍ പൊതുമേഖല സ്ഥാപനമായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റാ സണ്‍സ് ഗ്രൂപ്പിന് വിറ്റത് മുതല്‍ തുടങ്ങിയത്. 2023 ല്‍ എയര്‍ ഏഷ്യ ടാറ്റാ ഗ്രൂപ്പില്‍ ലയിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ടാറ്റാ ഗ്രൂപ്പിന് വില്‍ക്കുമ്പോള്‍ കേന്ദ്രധനമന്ത്രി നല്‍കിയിരുന്ന ഉറപ്പുകള്‍ പലതും പാലിക്കാതിരുന്നതും മാനേജ്മെന്റിന്റെ വിവേകശൂന്യമായ ഒരുകൂട്ടം നടപടികളും കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നയിച്ചു. ഈ പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയിസ് യൂണിയന്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖറിന് കഴിഞ്ഞ ഏപ്രില്‍ 26 ന് വിശദമായ കത്ത് നല്‍കിയിരുന്നു. ഇത്തരമൊരു സമരത്തിലേക്ക് വഴിതുറന്ന കാരണങ്ങള്‍  കത്തില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.

എയര്‍ ഏഷ്യയുമായുള്ള ലയനത്തിന് ശേഷം പത്തോളം എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂവിനെ പിരിച്ചുവിട്ടു. ജോലിക്ക് വേണ്ട ശാരീരിക അളവുകളുടെ മാനദണ്ഡം നാടകീയമായി മാറ്റിയാണ് പിരിച്ചുവിട്ടത്

∙എയര്‍ ഹോസ്റ്റസ് മാരടക്കം വനിതാ ജീവനക്കാരുടെ കരാര്‍കാലയളവ് വെട്ടിച്ചുരുക്കി നോട്ടിസ് നല്‍കാതെ പിരിച്ചുവിട്ടു 

∙ഓരോമാസവും ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ പരാതി പറയാനുള്ള അവസരം മൈക്ക് ഓഫാക്കി നിഷേധിക്കുന്നു. പരാതി നല്‍കുന്നവരെ ഒറ്റപ്പെടുത്തുന്നു

∙അനുഭവസമ്പന്നരായ എയര്‍ ഇന്ത്യ സ്റ്റാഫിനെ തഴഞ്ഞ് തുടക്കക്കാരായ എയര്‍ ഏഷ്യ ജീവനക്കാരെ ഉന്നത പദവികളില്‍ നിയോഗിക്കുന്നു. മാനേജര്‍മാര്‍ക്ക് പ്രിയപ്പെട്ടവര്‍ക്കാണ് ഈ ആനുകൂല്യം

∙എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇപ്പോഴും കരാര്‍ നിയമനം മാത്രം. എയര്‍ ഏഷ്യയില്‍ സ്ഥിരം നിയമനം

∙ലയനത്തിന് മുന്‍പ് ശമ്പളത്തോടൊപ്പം നല്‍കിയിരുന്ന ആനുകൂല്യം വെട്ടിക്കുറച്ചു. ഫലത്തില്‍ വരുമാനത്തില്‍ വന്‍ ചോര്‍ച്ച

∙പ്രസവാവധി കഴിഞ്ഞുവരുന്ന ജീവനക്കാരോട് വിവേചനം. പിന്നീട് ജോലി ചെയ്യിക്കുന്നത് ഒരുവര്‍ഷം മാത്രം. കരാര്‍ പുതുക്കാതെ പിരിച്ചുവിടും

∙ശരീരത്തിന്റെ നിറം നോക്കിയും വിവേചനം. നിറത്തിന്റെ പേരു പറഞ്ഞ് കരാര്‍ കാലാവധി വെട്ടിക്കുറയ്ക്കുന്നു

∙അവധി ആവശ്യപ്പെടുന്നവര്‍ക്ക് ഹോം സ്റ്റേഷന് പകരം മറ്റ് സ്റ്റേഷനുകളില്‍ എത്തുമ്പോള്‍ അവധി നല്‍കി മാനസികപീഡനം

∙ലയനത്തിന് മുന്‍പ് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ ഉന്നയിച്ച ആശങ്കകളോട്  കേന്ദ്രസര്‍ക്കാര്‍ മുഖംതിരിച്ചു

എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ ഉന്നയിക്കുന്ന ഈ ആരോപണങ്ങള്‍ ഗൗരവമുള്ളത് തന്നെയാണ്.  ഇതേ പരാതികള്‍ പരിശോധിക്കാമെന്നും സമരത്തിന്റെ പേരില്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാമെന്നുമുള്ള ഉറപ്പില്‍ സമരം പിന്‍വലിക്കാന്‍ രാത്രിയോടെ ധാരണയായി. ഡല്‍ഹി ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു തീരുമാനം. സര്‍വീസുകള്‍ ഒരുപക്ഷെ രാത്രിതന്നെ പുനരാരംഭിച്ചേക്കാം.. എന്നാല്‍ ജീവനക്കാര്‍ അവതരിപ്പിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായോ എന്നുകൂടി അന്വേഷിക്കാന്‍ ബാധ്യതപ്പെട്ട ഒരു സാമൂഹികബോധമുള്ള, ജാഗരൂകരായ ഒരു സമൂഹത്തിന്റെ നിരീക്ഷണംകൂടി ഈ പ്രശ്നത്തില്‍ തുടരും.. കാരണം ഇനി ഇതുപോലൊരു മിന്നല്‍ പണിമുടക്ക് ഈ നാട് ആഗ്രഹിക്കുന്നില്ല.

Special program on the strike of Air India employees

MORE IN SPECIAL PROGRAMS
SHOW MORE