കേരളത്തെ നടുക്കി കുരുന്നുജീവന്‍റെ ദാരുണവിധി; സംഭവിച്ചത്

aarude
SHARE

ഏതൊരു മനുഷ്യന്‍റെയും ഹൃദയത്തെ പിടിച്ചുലച്ച ഒരു വീഴ്ചയായിരുന്നു, അത്. കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ലാറ്റിന്‍റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വന്നു പതിച്ച ആ കവറില്‍ ഒരു ചോരക്കുഞ്ഞായിരുന്നു ഉണ്ടായിരുന്നത്. ജനിച്ച ഉടനെ ആ ആണ്‍കുഞ്ഞിനെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു കൊന്നു. കണ്ടവര്‍ ഞെട്ടിത്തരിച്ചുപോയി. ഹൃദയത്തില്‍ വലിയൊരു കല്ലെടുത്തുവച്ചതിന്‍റെ ഭാരത്തോടെ കേട്ടറി​ഞ്ഞവര്‍ കഴിഞ്ഞുകൂടി. എന്തിനാണ് ആ അമ്മ ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് വലിച്ചെറിഞ്ഞത്.  സത്യത്തില്‍ കുറ്റം ആരുടേതാണ് ? വിഡിയോ കാണാം: 

വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. വഴിയാത്രക്കാരാണ് കുഞ്ഞിന്‍റെ മൃതദേഹം റോഡില്‍ കണ്ടത്. ടൈലില്‍ വീണ് തകര്‍ന്ന നിലയിലായിരുന്നു ശരീരം. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് യുവതി കുഞ്ഞിന് ജന്‍മം നല്‍കിയത്. മൂന്നുമണിക്കൂര്‍ കാത്തിരുന്ന ശേഷം എട്ടുമണിയോടെ കുഞ്ഞിനെ കവറിലാക്കി അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ വാഹനത്തിന്‍റെ ഡ്രൈവറാണ് കവറില്‍ നവജാതശിശുവാണെന്ന് തിരിച്ചറിയുന്നതും പൊലീസിനെ അറിയിക്കുന്നതും. സമീപത്തെ ഫ്ലാറ്റില്‍ നിന്നാണ് കുഞ്ഞിനെ എറിഞ്ഞതെന്ന് സ്ഥിരീകരിച്ച പൊലീസിന് കുറിയര്‍ കവറിലെ മേല്‍വിലാസവും വഴികാട്ടിയായി. ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തകറ കണ്ടെത്തിയതോടെ പൊലീസ് താമസക്കാരെ വിശദമായി ചോദ്യം ചെയ്തു. ഫ്ലാറ്റുടമയുടെ മകള്‍ കുറ്റംസമ്മതിച്ചു. എന്നാല്‍ മകള്‍ ഗര്‍ഭിണിയാണെന്നും പ്രസവിച്ച വിവരവും മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. 

കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് പൊലീസിനോടു സമ്മതിച്ച 23കാരി പീഡനത്തിനിരയായെന്ന ഞെട്ടിക്കുന്ന വഴിത്തിരിവിലേക്കാണ് കാര്യങ്ങള്‍ പോയത്.  കുഞ്ഞിന്‍റെ തലയ്ക്ക് ഗുരുതര പരുക്കുള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. ഇതാണോ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചാലേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ബലമായി അമര്‍ത്തിയതിന്‍റെ പാടുകളും ശരീരത്തിലുണ്ട്. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ വായിൽ തുണി തിരുകിയും കഴുത്തിൽ ഷാൾ മുറുക്കിയുമാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. ജനിച്ചതിന് പിന്നാലെ മരണം ഉറപ്പാക്കി കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു യുവതി തീരുമാനിച്ചതെങ്കിലും അമ്മ വാതിലിൽ മുട്ടിയതോടെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. താൻ ഗർഭിണിയാണെന്ന് എട്ടുമാസം മുൻപ് അറിഞ്ഞ യുവതി തൃശൂർ സ്വദേശിയായ  യുവാവിനെ വിവരം അറിയിച്ചിരുന്നു. ഗർഭം അലസിപ്പിക്കാൻ പല വഴികൾ നോക്കിയെങ്കിലും പരാജയപ്പെട്ടു. ജനിച്ചു കഴിഞ്ഞാൽ കുഞ്ഞിനെ ഒഴിവാക്കാൻ  യുവതി തീരുമാനിച്ചതിന്‍റെ ഭാഗമായാണ് കൊലപാതകമെന്നും പക്ഷെ ഇതിൽ യുവാവിന് പങ്കില്ലെന്നുമാണ് പൊലീസ് നിലപാട്. കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും കഴിഞ്ഞ ദിവസം പറഞ്ഞതിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.

നവജാത ശിശുവിനെ കൊലപ്പെടുത്തിയതിൽ യുവാവിന് പങ്കില്ലെന്നും പീഡനത്തിനിരയായെന്നതിൽ യുവതി പരാതി നൽകാതെ കേസെടുക്കാൻ കഴിയില്ലെന്നുമാണ് പൊലീസ് നിലപാട്. അറസ്റ്റിലായെങ്കിലും പ്രസവത്തെത്തുടർന്നുള്ള ശാരീരിക അവശതയിൽ യുവതി ആശുപത്രിയിൽ തുടരുകയാണ്. 

MORE IN SPECIAL PROGRAMS
SHOW MORE