ശുഭമുഹൂർത്തം തെറ്റില്ല; വെർച്വലായി താലികെട്ടും ഈ ചെക്കനും പെണ്ണും

നാളും മുഹൂർത്തവും തെറ്റിക്കാനില്ല. കോവി‍ഡ് കാലത്ത് ഇരു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ശ്രീജിത്തും അഞ്ജനയും, മുൻനിശ്ചയിച്ചപോലെ  26നു വിവാഹിതരാവും. ഓൺലൈനിലൂടെയാണു വിവാഹം. അടുത്ത ബന്ധുക്കളുടെ സാന്നിധ്യം നിയന്ത്രിതമായി ഇരുഭാഗത്തും ഉണ്ടാകും. ഇസാഫ് ബാങ്ക് ജീവനക്കാരനായ ചങ്ങനാശേരി പുഴവാത് കാർത്തികയിൽ എൻ. ശ്രീജിത്താണു വരൻ. ഹരിപ്പാട് പള്ളിപ്പാട് കൊടുന്താറ്റ് പി.അഞ്ജന വധു.  ഐടി ജീവനക്കാരിയായ അഞ്ജനയും അമ്മയും സഹോദരനും ഉത്തർപ്രദേശിലെ ലക്നൗവിലാണു താമസം. അച്ഛൻ നാട്ടിലുണ്ട്. 18നു നാട്ടിലേക്കു വരാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് ലോക്ഡൗണായത്.

നിയന്ത്രണങ്ങളിൽ ഇളവു വന്നാലും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ രണ്ടാഴ്ച നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിർദേശമുണ്ട്. വിവാഹ ദിവസം വരനും ഏറ്റവും അടുത്ത ബന്ധുക്കളും ഹരിപ്പാട്ട്  വധുവിന്റെ വീട്ടിലെത്തും. വരൻ ഓൺലൈനിൽ വധുവുമായി സംസാരിക്കാനും വിവാഹസമ്മതം പരസ്പരം അറിയിച്ച് ചടങ്ങു പൂർത്തിയാക്കാനുമാണു തീരുമാനം. വിവാഹത്തിനു മുന്നോടിയായുള്ള പൊന്നുരുക്കു ചടങ്ങ് അടുത്തയാഴ്ച നടക്കും. ശ്രീജിത്തിന്റെ സഹോദരൻ സുജിത്ത് ദുബായിലാണ്. ചടങ്ങിനെത്താനാവില്ലെന്ന സങ്കടമുണ്ട് സുജിത്തിനും കുടുംബത്തിനും.