ഇന്റര്‍വ്യൂവിനിടെ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയോട്: നിന്‍റെ മാറിടം ഒറിജിനലാണോ..?

സ്കൂളിൽ അധ്യാപികയാകാൻ താൻ നേടിയ എംഎയും ബിഎഡ് ഡിഗ്രിയും പര്യാപ്തമെന്നായിരുന്നു സുചിത്ര എന്ന ട്രാൻസ്‌ജെൻഡർ യുവതിയുടെ വിശ്വാസം. എന്നാൽ ഇന്റർവ്യൂ പാനലിൽ നിന്നും അവർക്ക് നേരിടേണ്ടി വന്നത് കൊടിയ അപമാനം. കൊൽക്കത്തയിലാണ് സംഭവം. 2017ൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ വ്യക്തിയാണ് സുചിത്ര. കൊൽക്കത്തയിലെ പ്രശസ്തമായൊരു സ്കൂളിൽ തന്റെ 10 വർഷത്തെ അനുഭവസമ്പത്ത് മുതൽകൂട്ടാക്കിയാണ് സുചിത്ര അഭിമുഖത്തിന് എത്തിയത്. എന്നാൽ തുടക്കംമുതൽ നേരിടേണ്ടി വന്നത് തിക്താനുഭവങ്ങൾ മാത്രമായിരുന്നുവെന്ന് ഇവർ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു.

ചെന്നുകയറിയപ്പോൾ മുതൽ അഭിമുഖപാനലിലുള്ളവർ തന്നെ വിചിത്രജീവിയെപ്പോലെ നോക്കുകയായിരുന്നു. പുരുഷന്മാർ ധരിക്കുന്ന വസ്ത്രം ധരിക്കണമെന്നായിരുന്നു ഒരാളുടെ ആവശ്യം. തന്റെ മാർക്ക്‌ലിസ്റ്റിലും സർട്ടിഫിക്കറ്റിലും പുരുഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, അതുകൊണ്ട് പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നായിരുന്നു ന്യായം. സ്കൂളിലെ പ്രിൻസിപ്പാലിന്റെ ചോദ്യം അതിലേറെ കഠിനമായിരുന്നു. 

കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ടോ? നിന്റെ മുലകൾ യഥാർഥമാണോ എന്നാണ് അദ്ദേഹം ചോദിച്ചതെന്ന് സുചിത്ര പറയുന്നു. ട്രാൻസ്ജെൻഡർ യുവതിയെന്ന നിലയിൽ തനിക്ക് നേരിട്ട അപമാനത്തിന് മനുഷ്യാവകാശകമ്മീഷനെ സമീച്ചിരിക്കുകയാണ് സുചിത്ര. ഇതിനുമുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിൽ സഹപ്രവർത്തകരും മാനേജ്മെന്റും തന്നോട് വളരെ മര്യാദയോടെയാണ് പെരുമാറിയിരുന്നതെന്നും ഇവർ ഓർക്കുന്നു. ട്രാൻസ്ജെൻഡർ യുവതി ആയതുകൊണ്ടാണ് ഇതരത്തിലുള്ള മുറിവേൽപ്പിക്കുന്ന ചോദ്യങ്ങൾ സഹിക്കേണ്ടിവരുന്നതെന്ന് വേദനയോടെ സുചിത്ര പറഞ്ഞു. 

സുചിത്രയുടെ ദുരനുഭവങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലും പ്രതിഷേധവും രോഷവും ശക്തമാകുകയാണ്.