കയ്യേറ്റം ചെയ്ത് ട്രാന്‍സ് വനിതകള്‍; എഫ്ബി ലൈവിൽ സഹായം തേടി; കുതിച്ചെത്തി പൊലീസ്

മംഗളൂരു സുറത്കലില്‍ ടോള്‍ഗേറ്റിനെതിരെ സമരം ചെയ്യുകയായിരുന്ന സാമൂഹ്യപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ആറ് ട്രാന്‍സ് വനിതകള്‍ അറസ്റ്റില്‍. ഫെയ്സ്ബുക്ക് ലൈവിലൂടെ വിവരം പുറംലോകത്തെ അറിയിച്ചാണ് സാമൂഹ്യപ്രവര്‍ത്തകനായ ആസിഫ് പൊലീസിനെ വിളിച്ചുവരുത്തി രക്ഷപ്പെട്ടത്. 

ടോള്‍ ഗേറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുകയായിരുന്നു ദക്ഷിണ കന്നഡ സ്വദേശിയായ ആസിഫ്. കഴിഞ്ഞദിവസം രാത്രിയാണ് ആസിഫിനുനേരെ ആക്രമണം ഉണ്ടായത്. ആദ്യം രണ്ട് ട്രാന്‍സ് വനിതകള്‍ അര്‍ധരാത്രിയോടെ എത്തുകയും ആസിഫുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. പിന്നീട് നാലുപേര്‍കൂടി സംഘടിച്ചെത്തുകയും ആസിഫിനോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. 

ഇതെല്ലാം ആസിഫ് ഫെയ്സ്ബുക്ക് ലൈവില്‍ പകര്‍ത്തുകയും പുറംലോകത്തിലേക്ക് എത്തിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. ആസിഫിന്‍റെ പരാതിയിലാണ് ആറ് ട്രാന്‍സ് വനിതകളെ പൊലീസ് അറസ്റ്റ് ചെയ്തത്. വാസവി, ലിപിക, ഹിമ, ആദ്യ, മായ, മൈത്രി എന്നിവരാണ് പിടിയിലായത്. ഇവരെല്ലാം പാണ്ഡവപുരം താലൂക്ക് കേന്ദ്രീകരിച്ച് താമസിച്ചുവരുന്നവരാണ്. മംഗളൂരു സിറ്റി പൊലീസ് കമ്മിഷണറാണ് അറസ്റ്റ് വിവരമറിയിച്ചത്.