അത്യാഡംബരത്തിന്റെ ജപ്പാനിലെ അവസാനവാക്ക്; 'ഗിൻസ': വൻപ്രതിസന്ധി

ജപ്പാന്റെ ആഡംബരജീവിത കാഴ്ചകൾ നിറഞ്ഞ ഇടമാണ് ഗിൻസാ പട്ടണം. ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വൻതോതിൽ വിറ്റഴിയുന്ന ഗിൻസയിൽ പക്ഷേ തിരക്കൊഴിഞ്ഞ സാഹചര്യമാണിപ്പോൾ, കാണികൾ ഇല്ലാത്ത ഒളിമ്പിക്സ്, തിരിച്ചടി നൽകുന്ന ഗിൻസയിൽ നിന്നും എൻ കെ സാജന്റെ  റിപ്പോർട്ട്

അത്യാഡംബരത്തിന്റെ,  ജപ്പാനിലെ അവസാനവാക്കാണ് ഗിൻസ പട്ടണം. ചതുപ്പു നിലം നികത്തി നിർമ്മിച്ച ഗിൻസ, ആധുനികവൽക്കരണ ത്തിന്റെ ഉദാത്ത മാതൃകയെന്നാണ് ജപ്പാനിൽ അറിയപ്പെടുന്നത്.ഗിൻസയി ലെ വാണിജ്യ സാധ്യതകൾ അറിഞ്ഞ് പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് വിവിധ ബ്രാൻഡുകൾ ഗിൻസയിൽ കാലുറപ്പിച്ചു. പല സ്ഥാപനങ്ങളും അവരുടെ ആസ്ഥാനം തന്നെ ഗിൻസയിലാക്കി. വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉല്പന്നങ്ങളും മോട്ടോർ വാഹനങ്ങളുമെല്ലാം ചൂടപ്പംപോലെ ഇവിടെ വിറ്റഴിഞ്ഞിരുന്നു. ഏറ്റവും വിലപിടിപ്പുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ എത്തുന്നവരെ കൊണ്ട്, ഇവിടെ  സാധാരണ മാർക്കറ്റിനേക്കാൾ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇന്ന് തിരക്കൊഴിഞ്ഞ നിലയിലാണ് ഗിൻസ പട്ടണം. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും, സാമ്പത്തിക വിനിയോഗത്തിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധചെലുത്തിയതുമെല്ലാം ഗിൻസയിലെ വ്യാപാരരംഗത്ത് തിരിച്ചടിയായി. ഒളിമ്പിക്സ് വേളയിൽ, ആളൊഴുകിയെ ത്തുമെന്ന് കരുതിയ ഇവിടെ ഷോപ്പിങ്ങിനായി ചുരുക്കമാളുകൾ മാത്രമാണ് എത്തുന്നത്.

നിറയെ റസ്റ്റോറന്റുകളും ജുവല്ലറികളുമുള്ള  ഗിൻസയിൽ ഇത്തരം സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്. ഒളിമ്പിക്സിന്  കാണികളായി  വിവിധ രാജ്യങ്ങളിൽ ഉള്ളവർ ഒന്നാകെ എത്തുമെന്ന് കരുതിയിരുന്നെങ്കിലും അതും നടന്നില്ല.