കളി തീരും മുന്‍പേ സ്റ്റേഡിയത്തിനു പുറത്തേക്ക്; സങ്കടക്കടലില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍

തുടർച്ചയായ മൂന്നാം പരാജയത്തിന്റെ സങ്കടത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകർ. മത്സരമവസാനിക്കുന്നതിന് മുൻപ് തന്നെ നിരവധി പേർ സ്റ്റേഡിയം വിട്ടു. ഗ്യാലറിയിലും ഓളങ്ങളുണ്ടാക്കാൻ ആരാധകർക്ക് അവസരം ലഭിച്ചില്ല.

പതിവിന് വിപരീതമായി തണുപ്പൻ മട്ടിലായിരുന്നു സ്റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ വരവ്. ആർപ്പുവിളികളോ ചെണ്ട മേളങ്ങളോ ഉണ്ടായിരുന്നില്ല. ആരവങ്ങൾ മുഴക്കി മഞ്ഞപ്പതാകയേന്തിയുള്ള ആരാധകക്കൂട്ടത്തെയും കണ്ടില്ല. പ്രതികരണങ്ങളിൽ പോലും മിതത്വം.രണ്ടു ഗോളിന് പിന്നിലായതിനുശേഷം ആരാധകരുടെ ശബ്ദം സ്റ്റേഡിയത്തിന് പുറത്തുകേട്ടില്ല. മത്സരം അവസാനിക്കുന്നതിനു മുൻപ് തന്നെ പലരും ഇറങ്ങി. മത്സരത്തിന്റെ സകല മേഖലകളിലും ബ്ലാസ്റ്റേഴ്സ് പിന്നിലായിരുന്നു എന്ന് പലരും തുറന്നടിച്ചു.