അരിസ സുബാറ്റ: ജപ്പാനിലെ ബോക്സിംഗ് നഴ്സ്; വഴിത്തിരിവായി ഉദ്ഘാടനചടങ്ങ്

ഒളിംപിക്്സ് ഉദ്ഘാടനച്ചടങ്ങ് ജീവിതം മാറ്റിമറിച്ച ഒരാളുണ്ട്. അരിസ സുബാറ്റ. ബോക്സിങ്ങില്‍ ഒളിംപിക്സ് യോഗ്യത ലഭിക്കാതെ വന്നതോടെ ഒളിംപിക്സ് മെഡലിനെക്കുറിച്ച് അവള്‍ മറന്നു. പക്ഷേ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തതോടെ വീണ്ടും സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു.

ടോക്കിയോയ്ക്ക് പുറത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ് അരിസയുടെ വരവ്. ബോക്സിങ്ങില്‍ ഒളിംപിക്സ് യോഗ്യതയായിരുന്നു സ്വപ്നം. അതിനായി നഴ്സ് ആയിരുന്ന അരിസ ആ ജോലി ഉപേക്ഷിച്ചു. തുച്ഛമായ ശമ്പളത്തില്‍ സൈക്യാട്രിക് ക്ലിനിക്കില്‍ ജോലി നോക്കി. 

കോവിഡിന്റെ വരവ് പക്ഷേ എല്ലാം മാറ്റിമറിച്ചു. പല യോഗ്യത മല്‍സരങ്ങളും ഉപേക്ഷിച്ചതും യോഗ്യത മാനദണ്ഡത്തിലെ മാറ്റങ്ങളുമാണ് തിരിച്ചടിയായത്.  ഇതോടെ ഒളിംപിക്്സ് സ്വപ്നങ്ങള്‍ക്ക് വിട നല്‍കിയ അരിസ മറ്റ് മല്‍സരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. എന്നാല്‍ ടോക്യോ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത് വഴിത്തിരിവായി. കഴിഞ്ഞ ഏപ്രിലിലാണ് ഉദ്ഘാടനച്ചടങ്ങില്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണം ലഭിക്കുന്നത്. ഒരു ജിമ്മില്‍ രഹസ്യമായായിരുന്നു പരിശീലനം. അരിസ പരിപാടി അവതരിക്കുന്ന വിവരം മാതാപിതാക്കള്‍ മാത്രമാണ് അറിഞ്ഞിരുന്നത്.