മീൻകുഞ്ഞുങ്ങളെ രക്ഷിക്കുമ്പോൾ വിരലിൽ ഗ്ലാസ് കഷണം: ആർച്ചറിന് പരുക്കേറ്റ വഴി!

ലണ്ടൻ ∙  ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പേസർ ജോഫ്ര ആർച്ചറുടെ കൈവിരലിലെ വേദനയ്ക്കു കാരണം ഒരു ചെറിയ ഗ്ലാസ് കഷണമെന്നു വെളിപ്പെടുത്തൽ. ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കിടെ കൈമുട്ടിലെ പരുക്കും വിരലിലെ വേദനയുംമൂലം താരം ടീമിൽനിന്നു പുറത്തായിരുന്നു. പിന്നീടു നടത്തിയ പരിശോധനയിലാണു നടുവിരലിൽ തറച്ചു കയറിയ ഗ്ലാസ് കഷണം കണ്ടെത്തിയത്. പരുക്കുമൂലം ഈ വർഷത്തെ ഐപിഎലിൽ കളിക്കാൻ ആർച്ചറിന് കഴിയുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നതിനിടെയാണ് ‘പരുക്കേറ്റ വഴി’ പുറത്തായത്.

ജനുവരിയിൽ ആർച്ചറിന്റെ വീട്ടിലാണു സംഭവം. വൃത്തിയാക്കുന്നതിനിടെ, സ്വീകരണമുറിയിലെ അക്വേറിയം നിലത്തുവീണു പൊട്ടി. മത്സ്യക്കുഞ്ഞുങ്ങളെ എടുത്തുമാറ്റുന്നതിനിടെ താരത്തിന്റെ വലത്തേ കയ്യിലെ നടുവിരൽ ഗ്ലാസ് കൊണ്ട് മുറിഞ്ഞു. മുറിവ് പിന്നീടു കരിഞ്ഞു. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിലും ട്വന്റി20യിലും ആർച്ചർ കളിച്ചു.

പരുക്കേറ്റു നാട്ടിലേക്കു മടങ്ങിയശേഷം നടത്തിയ പരിശോധനയിലാണു വിരലിനുള്ളിൽ ഗ്ലാസ് കഷണം കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയെങ്കിലും ഗ്ലാസ് കഷണം മുഴുവനായി പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.

English Summary: Jofra Archer's finger injury caused by fish tank mishap