ബ്ലാസ്റ്റേഴ്സ് സഹപരിശീലകനെതിരെ മുൻ താരം; ചോപ്രക്കെതിരെ നടപടിയെന്ന് മാനേജ്മെന്റ്

കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദിനു എതിരെ ഗുരുതര ആരോപണങ്ങളുമായി മുൻതാരം മൈക്കൽ ചോപ്ര. ഈ സീസണിൽ വിദേശ താരങ്ങളുമായി കരാർ ഒപ്പിട്ടപ്പോൾ ഇഷ്ഫാഖ് അഹമ്മദ് കമ്മിഷൻ വാങ്ങി എന്നാണ് ചോപ്രയുടെ ആരോപണം. അടിസ്ഥാനരഹിതമായ ആരോപണം 

ഉന്നയിച്ച മൈക്കൽ ചോപ്രയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് വ്യക്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ സഹപരിശീലകൻ ആയ ഇഷ്ഫാഖ് അഹമ്മദിന്റെ നേതൃത്വത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ താരങ്ങളെ തിരഞ്ഞെടുത്തതും കരാർ ഒപ്പിട്ടതും. ഈ താരങ്ങളുടെ ഏജന്റുമാരിൽ നിന്ന് ഇഷ്ഫാഖ് കമ്മീഷൻ വാങ്ങി എന്നാണ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ 

മൈക്കൽ ചോപ്ര ആരോപിച്ചത് ക്ലബ്ബിന് അകത്തു നടക്കുന്ന അഴിമതി ആരാധകർ അറിയണമെന്നും ചോപ്ര ട്വിറ്ററിൽ കുറിച്ചു. സമൂഹ മാധ്യമങ്ങളിൽ ഇത് ചർച്ച ആയതോടെ ആണ് ഇഷ്ഫാഖിനെ പിന്തുണച്ചു മാനേജ്മെന്റ് രംഗത്തെത്തിയത്. ആരോപണങ്ങൾ തള്ളിയ മാനേജ്മെന്റ്, മൈക്കൽ ചോപ്രയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കി. കളിക്കാരനും സഹപരിശീലകനും എന്ന നിലയിൽ ഉള്ള ഇഷ്ഫാഖിന്റെ സേവനങ്ങളെ വിലമതിക്കുന്നു എന്നും ക്ലബ്‌ 

വ്യക്തമാക്കി. ഇഷ്ഫഖിനു എതിരായ ആരോപണങ്ങളിൽ തെളിവ് ഹാജരാക്കണം എന്ന് ആരാധകർ ആവശ്യപ്പെട്ടെങ്കിലും ചോപ്ര മൗനം പാലിക്കുകയാണ്. ബംഗളുരു എഫ് സിക്ക് എതിരെ ബ്ലാസ്റ്റേഴ്‌സ് ജയിച്ചതിനു തൊട്ടുപിന്നാലെയാണ് ചോപ്ര ഇഷ്ഫാഖിനെതിരെ രംഗത്തെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 

ഒന്നാം സീസണിലും മൂന്നാം സീസണിലും ഇഷ്ഫഖും ചോപ്രയും ബ്ലാസ്റ്റേഴ്സിനായി ഒരുമിച്ച് കളിച്ചിരുന്നു. അഞ്ചാം സീസണിൽ ജംഷഡ്‌പൂരിന്റെ സഹ പരിശീലകൻ ആയ ഇഷ്ഫാഖ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകൻ ആയി തിരികെ എത്തുകയായിരുന്നു.