മയങ്കിന്‍റെ പരുക്കില്‍ വില്ലന്‍ ആക്ഷനോ? ഒഴിവാക്കാന്‍ വഴി പറഞ്ഞ് മുന്‍ താരം

mayank-yadav-injury-ipl-28
SHARE

തീപ്പന്തുകളുമായി എതിരാളികളെ വിറപ്പിച്ച പേസ് സെന്‍സേഷന്‍.. പക്ഷേ മയങ്കിന് ഇനി എന്ന് കളിയിലേക്ക് മടങ്ങിയെത്താനാകും?ലക്നൗവിന്‍റെ മിന്നും താരമായ മയങ്ക് ഈ ഐപിഎല്ലിലെ മൂന്നാമത്തെ കളിക്കിടെയാണ് പരുക്കേറ്റ് പുറത്തായത്. അപ്രതീക്ഷിതമായ പുറത്താകല്‍ പലവിധത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് ക്രിക്കറ്റ് ലോകത്തില്‍ തുടക്കമിട്ടത്. മയങ്കിന്‍റെ ബോളിങ് ആക്ഷനാണ് അതിവേഗത്തില്‍ പരുക്കേറ്റതിന്‍റെ കാരണമെന്ന് വിശ്വസിക്കുന്നവരാണ് അധികവും. മുന്‍ ഇന്ത്യന്‍ പേസറായിരുന്ന വരുണ്‍ ആരോണും ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്. 

mayank-in-action-28

'മയങ്കിന്‍റെ ആക്ഷന്‍റെ കടുത്ത ആരാധകനാണ് താന്‍. പക്ഷേ ആ ഇടങ്കൈ ഒന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി'യെന്നാണ് ആരോണ്‍ പറയുന്നത്. പന്തെറിയാനോങ്ങുന്നതിനിടയില്‍ ഇടംകൈ താഴേക്കെത്തുമ്പോള്‍ അരക്കെട്ടില്‍ തട്ടി നില്‍ക്കുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ ആരോണ്‍ പറഞ്ഞത്.  കൈ അങ്ങനെ തട്ടി നില്‍ക്കുന്നത് ഒഴിവാക്കിയാല്‍ ശരീരത്തില്‍ വരുന്ന അധിക ഭാരം ഒഴിവാക്കാമെന്നും അങ്ങനെ പരുക്കിനുള്ള സാധ്യത കുറയ്ക്കാമെന്നും ആരോണ്‍ പറയുന്നു.  വളരെ വലിയ അളവില്‍ ശക്തിയുണ്ടാക്കുമ്പോള്‍ അതേ അളവില്‍ അത് പുറത്തേക്ക് വിടേണ്ടതുണ്ട്. സംഭരിക്കുന്ന ഊര്‍ജം അതേ തീവ്രതയില്‍ പുറത്തേക്ക് പോകുന്നതിന് തടസമുണ്ടായാല്‍ അത് പരുക്കിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ മയങ്ക് പന്തെറിയുമ്പോള്‍ ഇടതുകൈ അരക്കെട്ടില്‍ തട്ടി നില്‍ക്കാതെ താഴേക്ക് പോകുകയാണെങ്കില്‍ ശരീരത്തിലേക്ക് എത്തുന്ന ഭാരത്തില്‍ കുറവുണ്ടാകുമെന്നും ആരോണ്‍ വിശദീകരിക്കുന്നു. 

മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം 21കാരനായ മയങ്കിന് തിരികെ ടീമിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ നെറ്റ്സില്‍ പരിശീലിക്കുകയാണ് താരം. മയങ്ക് അധികം വൈകാതെ ടീമില്‍ തിരികെയെത്തുമെന്ന പ്രതീക്ഷ ലക്നൗവിന്‍റെ സഹപരിശീലകന്‍ ശ്രീധരന്‍ ശ്രീറാമും പങ്കുവച്ചിരുന്നു.  മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലാണ് ഐപിഎല്ലിലെ കന്നി മല്‍സരത്തില്‍ മയങ്ക് പന്തെറിഞ്ഞത്. മിന്നല്‍പ്പിണര്‍ പോലെ പാ‍ഞ്ഞ പന്ത് ബാറ്റര്‍മാരുടെ പേടിസ്വപ്നവുമായി. ആദ്യ രണ്ട് മല്‍സരങ്ങളിലും മൂന്ന് വിക്കറ്റുകള്‍ വീതവും മയങ്ക് നേടി. മയങ്കെറിഞ്ഞ മണിക്കൂറില്‍ 156.7 കിലോമീറ്റര്‍ വേഗതയുള്ള പന്താണ് സീസണിലെ ഏറ്റവും വേഗമേറിയതായി മാറിയത്. 

Varun Aron suggests slight change in Mayank's left arm action

MORE IN SPORTS
SHOW MORE