ബിഗ് ബാഷിൽ ‘കഴുത്തു മുറിച്ച്’ പാക്ക് താരത്തിന്റെ ആഘോഷം; വിമർ‌ശനം– വിഡിയോ

ഓസ്ട്രേലിയന്‍ ട്വന്റി20 ലീഗായ ബിഗ് ബാഷ് ലീഗിലെ പുതിയ പ്രതിഭയാണ് പാക്കിസ്ഥാൻ ബോളറായ ഹാരിസ് റൗഫ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽനിന്നായി താരം നേടിയത് 10 വിക്കറ്റുകളാണ്. എന്നാല്‍ വിക്കറ്റ് നേട്ടത്തിനു ശേഷം ഗ്രൗണ്ടിൽ നടത്തുന്ന ആഘോഷ പ്രകടനങ്ങളുടെ പേരിൽ വിവാദത്തിലായിരിക്കുകയാണ് പാക്കിസ്ഥാൻ യുവതാരം. വിക്കറ്റെടുത്തതിനു ശേഷം ‘കഴുത്തു മുറിക്കുന്ന’ രീതിയിൽ കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ച് ആഘോഷിക്കുന്നത് ഹാരിസ് റൗഫിന്റെ ശീലമാണ്.

എന്നാൽ ഇതിനെതിരെ കായിക രംഗത്തെ പ്രമുഖരുൾപ്പെടെ വിമർശനവുമായെത്തി. ദക്ഷിണാഫ്രിക്കൻ താരം ‍ഡെയ്ൽ സ്റ്റെയ്നു പകരം മെൽബൺ സ്റ്റാർസ് ടീമിലെത്തിയ റൗഫ് സിഡ്നി തണ്ടർ ടീമിനെതിരെ നടത്തിയ ആഘോഷപ്രകടനം അതിരുവിട്ടതായിപ്പോയെന്നാണു സമൂഹ മാധ്യമങ്ങളിലെ വിമർ‌ശനം. സിഡ്നി തണ്ടറിന്റെ ഡാനിയൽ സാംസിനെ 13 റൺ‌സിന് പുറത്താക്കിയപ്പോൾ‌ റൗഫ് വീണ്ടും ‘ കഴുത്ത് മുറിച്ച്’ ആഘോഷം നടത്തി. ഓസ്ട്രേലിയന്‍ റഗ്ബി ലീഗ് മുൻ താരം ഡാരിൽ‌ ബ്രോമാന്‍ റൗഫിന്റെ ആക്ഷനെ വിമർശിച്ച് രംഗത്തെത്തി.

ഹാരിസ് റൗഫ് മികച്ച ബോളറാണെന്നതിൽ സംശയമില്ല. എന്നാൽ വിക്കറ്റെടുത്തശേഷമുള്ള ഈ ആഘോഷം അതിരുവിട്ടതാണെന്ന് ബ്രോമാന്‍ ട്വിറ്ററിൽ പ്രതികരിച്ചു. എല്ലാ തവണയും വിക്കറ്റുകൾ സ്വന്തമാക്കുമ്പോൾ ഇതു ചെയ്യേണ്ടതുണ്ടോയെന്നും താരം സംശയം പ്രകടിപ്പിക്കുന്നു. ഇത്തരം ആഘോഷങ്ങൾക്കു ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇടമില്ലെന്ന് പാക്കിസ്ഥാനില്‍നിന്നുള്ള ഒരു ആരാധകൻ പ്രതികരിച്ചു. താരത്തിന്റെ ആഘോഷം ആരാധകർക്ക് അത്ര രസിച്ചിട്ടില്ലെന്നാണു സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങളിൽനിന്നു വ്യക്തമാകുന്നത്.

ഓസ്ട്രേലിയയുടെ സംസ്കാരത്തിനു ചേരുന്നതല്ല ഈ ആഘോഷമെന്ന് ഒരു ആരാധകൻ വിമർശനമുന്നയിച്ചു. ഇതിന്റെ പേരിൽ ഹാരിസ് റൗഫിന് പിഴ ശിക്ഷ വിധിക്കണമെന്നു പറയുന്നവരും കുറവല്ല. അവസാന മത്സരത്തിൽ മൂന്ന് വിക്കറ്റിനു ജയിച്ചതോടെ റൗഫിന്റെ മെൽബൺ സ്റ്റാർസ് ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.