പവർലിഫ്റ്റിങ്ങിൽ‘ പവറാ’യി മജീസിയ ഭാനു; ലക്ഷ്യം ഒളിംപിക് മെഡൽ

പവര്‍ലിഫ്റ്റിങ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വര്‍ണം കൊയ്ത് കോഴിക്കോട് വടകര സ്വദേശി മജീസിയ ഭാനു. ദേശീയ, സംസ്ഥാന മല്‍സരങ്ങളില്‍ നിരവധി നേട്ടങ്ങള്‍ കൊയ്ത ഈ 24കാരിയുടെ സ്വപ്നം വെയ്റ്റ് ലിഫ്റ്റില്‍ ഒളിംപിക്സ് മെഡലാണ്. 

റഷ്യയില്‍ നടന്ന ചാംപ്യന്‍ഷിപ്പിലാണ് വടകര ഓര്‍ക്കാട്ടിരി സ്വദേശി മജിസിയ ഭാനു വീണ്ടും സ്വര്‍ണം നേടിയത്. 2018ലും മജിസിയ തന്നെയായിരുന്നു ചാംപ്യന്‍. പവര്‍ലിഫ്റ്റില്‍ മാത്രമല്ല രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള പഞ്ചഗുസ്തി താരം കൂടിയാണ് മജിസിയ. ബോക്സിങ്ങില്‍ കമ്പം കയറിയപ്പോള്‍ ചെന്നെത്തിയ പരിശീലകന്‍ രമേഷ് കുമാറാണ് പവര്‍ലിഫ്റ്റിലേയ്ക്ക് വഴി തിരിച്ച് വിട്ടത്. 

ഹിജാബ് ധരിച്ച് കായികരംഗത്തെത്തിയ മജിസിയയ്ക്ക് ആദ്യം നേരിടേണ്ടി വന്നത് ചെറിയ എതിര്‍പ്പൊന്നുമല്ല. എന്നാല്‍ നേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി വന്നതോടെ എതിര്‍പ്പുകള്‍ അയഞ്ഞ് പിന്തുണയായി മാറി.