സന്തോഷ് ട്രോഫി മുൻ താരം ധനരാജന് നാടിന്റെ അന്ത്യാഞ്ജലി

കളിക്കളത്തില്‍ കുഴഞ്ഞുവീണു മരിച്ച സന്തോഷ് ട്രോഫി മുൻ താരം ധനരാജന് നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം അല്‍പസമയം മുന്‍പ് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു. ഇന്നലെ രാത്രി പെരിന്തൽമണ്ണയിെല സെവൻസ് ഫുട്ബോൾ മൽസരത്തിനിടെയായിരുന്നു ധനരാജന്‍ കുഴ‍ഞ്ഞുവീണത്.

കായികപ്രേമികള്‍ക്കും പാലക്കാടിനും തീരാനഷ്ടമാണ് ധനരാജന്റെ വേര്‍പാട്. പെരിന്തല്‍മണ്ണയില്‍ നിന്ന് പാലക്കാട് കൊട്ടേക്കാട് തെക്കോണിയിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. 

ജനപ്രതിനിധികളും, കായികതാരങ്ങളും , പരിശീലകരും അങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുളളവര്‍ ധനരാജന്റെ വേര്‍പാടില്‍ ദുഖിതരായി. സന്തോഷ് ട്രോഫി മുന്‍ താരമെന്ന പേരിലെ പെരുമയിലും പ്രാരാബ്ധങ്ങളിലും ഫുട്ബോളിലായിരുന്നു ധനരാജന്റെ ജീവിതം. മുഹമ്മദൻസ് ,മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ചിരാഗ് യുണൈറ്റഡ് തുടങ്ങി വിവിധ ക്ളബുകള്‍ക്കുവേണ്ടിയും ബൂട്ടണിഞ്ഞിരുന്നു. പ്രാദേശിക കളിക്കളത്തില്‍ നിന്ന് ‌ധനരാജനെ ഇന്ത്യന്‍ ഫുട്ബോളിന് പരിചയപ്പെടുത്തിയ ടി.കെ.ചാത്തുണ്ണി ഒാര്‍ക്കുന്നതിങ്ങനെ.

ഇന്നലെ പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തിലെ സെവന്‍സ് ഫുട്ബോളില്‍ പെരിന്തല്‍മണ്ണ എഫ്സിക്കുവേണ്ടി കളിക്കുന്നതിനിടെയാണ് ധനരാജ് കുഴഞ്ഞുവീണത്.