തുടരുന്ന അവഗണന; വിരമിക്കാനായി ടോം ജോസഫ് കേരളം വിടുന്നു

അസോസിയേഷന്‍ ഭാരവാഹികളുടെ അവഗണനയില്‍ മടുത്ത് ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ നായകന്‍ ടോം ജോസഫ് വിരമിക്കല്‍ മത്സരത്തിനായി കേരളം വിടുന്നു. ഈ മാസം 25ന് ഒഡീഷയില്‍ ആരംഭിക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ടോം മറ്റൊരു സംസ്ഥാനത്തിനുവേണ്ടി കളിക്കും.  മാന്യമായി വിരമിക്കാന്‍ സംസ്ഥാന അസോസിയേഷന്‍ അവസരം നല്‍കില്ല എന്ന് ഉറപ്പായതിനാലാണ്  കൂടുമാറ്റമെന്ന് ടോം മനോരമ ന്യൂസിനോട് പറഞ്ഞു. ഇതുവരെ തന്നെ സ്നേഹിച്ച വോളിബോള്‍ പ്രേമികളോട് നന്ദിയുണ്ടെന്നും ടോം പറഞ്ഞു.

കേരളത്തിനുവേണ്ടി തുടര്‍ച്ചയായി 18ദേശീയ ചാമ്പ്യന്‍ഷിപ്പുകളും, ആറുദേശീയഗെയിംസുകളും കളിച്ച പ്രതിഭയാണ് വിരമിക്കല്‍ മത്സരത്തിനായി കേരളം വിടുന്നത്. തുടര്‍ച്ചയായ 12വര്‍ഷം ഇന്‍ഡ്യന്‍ ടീമിലെ മലയാളി സാന്നിധ്യം. അവഗണനയില്‍ മടുത്താണ് കേരളം നെഞ്ചേറ്റിയപ്രതിഭ കളിമതിയാക്കാന്‍ മറ്റൊരുസംസ്ഥാനത്തെത്തുന്നത്.

മറ്റ് സംസ്ഥാനങ്ങള്‍ക്ക് കളിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാട്ടി വോളിബോള്‍ അസോസിയേഷന്‍ ടോമിന് എന്‍.ഓ.സി നല്‍കിയിട്ടുണ്ട്. എന്‍.ഓ.സി നല്‍കണമെന്ന് ടോം അസോസിയേഷനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന അസോസിയേഷനിലെ വ്യക്തിതാല്‍പര്യങ്ങള്‍‌ക്കെതിരെ നിലപാട് എടുത്തതോടെയാണ് ടോം അനഭിമതനായത്.