മത്സരങ്ങള്‍ മുടക്കി മഴ; രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ വിമര്‍ശനം

ക്രിക്കറ്റ് ലോകകപ്പില്‍ മഴ മല്‍സരങ്ങള്‍ തടസപ്പെടുത്തുന്നതോടെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ വിമര്‍ശനം.  ബിഗ് ബാഷ് വേദിയായ മേല്‍ക്കൂരയോടുകൂടിയ മാര്‍വല്‍ സ്റ്റേഡിയം എന്തുകൊണ്ട് മല്‍സരവേദിയാക്കിയില്ലെന്ന ചോദ്യത്തിനാണ് ഐസിസി മറുപടി പറയേണ്ടത്.  

ടീമുകളുടെ വിജയമോഹങ്ങൾക്കും ആരാധകരുടെ പ്രാർഥനകൾക്കും മേലെ ട്വന്റി20 ലോകകപ്പിൽ മഴയുടെ പവർപ്ലേ തുടരുന്നു. സൂപ്പർ 12ല്‍  14 മത്സരങ്ങളിൽ നാലെണ്ണമാണ് ഉപേക്ഷിച്ചത്. ഇതിൽ 3 മത്സരങ്ങൾക്കും വേദി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടായിരുന്നു. ചരിത്രമുറങ്ങുന്ന മെല്‍ബണ്‍ സ്റ്റേഡിയം മഴയില്‍ നനഞ്ഞുകിടക്കുമ്പോള്‍ തൊട്ടടുത്ത് ഒഴിഞ്ഞുകിടക്കുന്ന മറ്റൊരു സ്റ്റേഡിയമുണ്ട്. പേരുപോലെ തന്നെ അഭ്ദുതങ്ങള്‍ കരുതിവച്ചിരിക്കുന്ന മാര്‍വല്‍ സ്റ്റേഡിയം. മഴയും വെയിലും പ്രശ്നമല്ലാത്ത മേല്‍ക്കൂരയോടുകൂടിയ സ്റ്റേഡിയം12 രാജ്യാന്തര മല്‍സരങ്ങള്‍ക്ക് മാത്രം വേദിയായ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയമാണ് മാര്‍വലില്‍  2006ലാണ്  അവസാനമായി ക്രിക്കറ്റ് നടന്നത്.

ക്രിക്കറ്റ്, ഫുട്ബോള്‍, ബാസ്ക്കറ്റ് ബോള്‍, ബോക്സിങ്, കലാപരിപാടികള്‍ അങ്ങനെ എന്തിനും ഉപയോഗിക്കാവുന്ന മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയാണ് മാര്‍വല്‍. 2015ല്‍ ഓസ്ട്രേലിയ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പില്‍ രണ്ടുമല്‍സരങ്ങള്‍ മാത്രമാണ് മഴകാരണം തടസപ്പെട്ടത്.  മഴയിൽ കൂടുതൽ മത്സരങ്ങൾ ഉപേക്ഷിച്ചതിന്റെ പേരുദോഷവും ഇത്തവണത്തെ ട്വന്റി20 ലോകകപ്പിന് സ്വന്തമായി. ഒക്ടോബർ മാസത്തിൽ ലഭിക്കേണ്ട ശരാശരി മഴയെക്കാ‍ൾ കൂടുതൽ മഴ ഒരാഴ്ചയ്ക്കുള്ളിൽ മെൽബണിൽ പെയ്തുവെന്നാണ് കണക്ക്. സൂപ്പർ 12 റൗണ്ടിൽ ഒരു മത്സരം കൂടി മെല്‍ബണില്‍ ബാക്കിയുണ്ട്; നവംബർ ആറിന് മെല്‍ബണില്‍ ഇന്ത്യ സിംബാംബ്‌വെയെ നേരിടും.