2016ല്‍ നിര്‍മിച്ചു; പാലാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കുകൾ പൊട്ടിപ്പൊളിഞ്ഞു

2016ൽ നിർമ്മാണം പൂർത്തിയാക്കിയ പാലാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കുകൾ പൊട്ടിപ്പൊളിഞ്ഞു. പൊളിഞ്ഞ ട്രാക്കിൽ തന്നെ കായിക മത്സരങ്ങൾ നടക്കുന്നതോടെ ട്രാക്ക് കൂടുതൽ തകർച്ചയിലാണ്. സിന്തറ്റിക് ട്രാക്ക് സ്ഥാപിച്ച ശേഷം കൃത്യമായ അറ്റകുറ്റപ്പണികൾ ഇല്ലാത്തതാണ് ട്രാക്ക് തകരാൻ കാരണമെന്നാണ് കായിക താരങ്ങളുടെ അടക്കം പരാതി

കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ട്രാക്കുകളിൽ ഒന്നായ പാല സിന്തറ്റിക് ട്രാക്ക് 2013ലാണ് നിർമ്മാണം ആരംഭിച്ചത്. 2016 നിർമ്മാണം പൂർത്തിയാക്കിയ ട്രാക്ക് 6 വർഷം പിന്നിടുമ്പോൾ പൂർണമായും മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയിലാണ്. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് ട്രാക്ക് നിർമ്മാണം പൂർത്തീകരിച്ചത്. ട്രാക്കിന് ഗ്യാരണ്ടി ഉണ്ടെന്നും തകരാർ സംഭവിച്ചാൽ മാറ്റി സ്ഥാപിക്കുമെന്നും നഗരസഭ പറഞ്ഞിരുന്നെങ്കിലും മൂന്നുവർഷം മുൻപേ തകർന്നു തുടങ്ങിയ ട്രാക്കിൽ യാതൊരുവിധ അറ്റകുറ്റപ്പണികളും ഉണ്ടായില്ല.

8 ട്രാക്കുകളോടെയാണ് പാലായിൽ സിന്തറ്റിക് ട്രാക് സ്റ്റേഡിയം നിർമ്മിച്ചത്. നിലവിൽ പൊളിഞ്ഞു ഇളകിയ സിന്തറ്റിക് ട്രാക്കിലാണ് ഓട്ടമത്സരങ്ങൾ നടക്കുന്നത്. മീനച്ചിൽ ആറ്റിലെ വെള്ളപ്പൊക്കത്തിൽ ട്രാക്ക് മുങ്ങുന്നതാണ് തകരാൻ കാരണമെന്നാണ് നഗരസഭയുടെ വിശദീകരണം. ട്രാക്ക് പുനർനിർമ്മാണത്തിനായി 2 വർഷം മുൻപ് 3.75 കോടി രൂപയുടെ എസ്റ്റിമേറ്റ് എടുത്ത് കായിക വകുപ്പിന് നൽകിയിരുന്നു. എന്നാൽ ഈ ഫയൽ ചുവപ്പുനാടകളിൽ  കുരുങ്ങുമ്പോൾ പൊട്ടിപ്പൊളിഞ്ഞ ട്രാക്കിൽ ഓടിത്തീർക്കുകയാണ് ജില്ലയിലെ ഭാവി കായിക താരങ്ങൾ .