ഋഷഭ് പന്തിന് പിഴവു പറ്റുമ്പോള്‍ ‘ധോണീ, ധോണീ’ എന്ന് ഒച്ച വയ്ക്കരുത്; കോലി പറയുന്നു

ഋഷഭ് പന്തിനോട് ദയവുണ്ടാകണം. അവന്റെ കഴിവില്‍ ഞങ്ങള്‍‌ക്കെല്ലാം വിശ്വാസമുണ്ട്. ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. അതിനാല്‍ മല്‍സരത്തില്‍‌ താരങ്ങള്‍ക്കെല്ലാം കൂട്ടായ ഉത്തരവാദിത്തമുണ്ട്.  ഋഷഭ് പന്തിന്റെ കാര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഒരേ നിലപാടുകാരാണ്.   ഭാവിയില്‍ ടീം ഇന്ത്യയുടെ മാച്ച് വിന്നറുമാണെന്ന് വിരാട് കോലി പറഞ്ഞു. വെസ്റ്റ് ഇന്‍‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് കോലി നിലപാട് വ്യക്തമാക്കിയത്. 

ഒരാളും മനപൂര്‍വം പിഴവ് വരുത്തില്ല   

ഒരു കളിക്കാരനും ലഭിക്കുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. പിഴവുപറ്റുമ്പോള്‍ മറ്റാരെക്കാളും ആ താരം തന്നെയായിരിക്കും ഏറ്റവും അധികം വേദനിക്കുന്നത്. അതിനാല്‍ കഴിവുള്ള താരങ്ങള്‍ക്ക് വീണ്ടും അവസരം നല്‍കുന്നതില്‍ തെറ്റില്ല.  അല്‍പംകൂടി ക്ഷമ കാണിക്കണമെന്നും കോലി ആരാധകരോടായി ആവശ്യപ്പെട്ടു. ട്വന്റി 20 ക്രിക്കറ്റില്‍ ബാറ്റിങ് ഓര്‍ഡര്‍ അധികം ചര്‍ച്ചചെയ്യേണ്ടതില്ല, ഒന്നോ രണ്ടോ താരങ്ങള്‍ വിക്കറ്റ് കളയാതെ കളിക്കുമ്പോള്‍ മറ്റുള്ളവര്‍ മികച്ച സ്ട്രൈക്ക്റേറ്റില്‍ കളിക്കണം. അതിനാല്‍ വിക്കറ്റിന് പിന്നിലും മുന്നിലും ഋഷഭിന് പിഴവുപറ്റുമ്പോഴെല്ലാം ഗ്യാലറിയില്‍ ‘ധോണീ ധോണീ ’വിളികള്‍ മുഴക്കാതെ ആ താരത്തോട് അല്‍പം കനിവ് കാണിക്കണമെന്നാണ് ക്യാപ്റ്റന്‍ കോലി ആരാധകരോട് ആവശ്യപ്പെടുന്നത്. 

ഋഷഭിന് ഇപ്പോള്‍ പിന്തുണകൊടുക്കേണ്ട ഉത്തരവാദിത്തം സഹകളിക്കാര്‍ക്കും ആരാധകര്‍ക്കും ഉണ്ടെന്നും കോലി പറയുന്നു. ഐപിഎല്ലിലെ അനുഭവസമ്പത്ത് ഓരോ താരത്തിലും ഗുണകരമാണ്. ഋഷഭ് പന്തിന്റെ ഫോമിനെപ്പറ്റിയും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും ചോദിച്ചപ്പോഴാണ് ക്യാപ്റ്റന്‍ നിലപാട് വ്യക്തമാക്കിയത്. ലോകകപ്പിനുള്ള മികച്ച ഇലവനെ കണ്ടെത്താനായിരിക്കും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ശ്രമിക്കുകയെന്നും കോലി പറഞ്ഞു. 

ധോണിയുടെ റെക്കോര്‍ഡ് തകര്‍ക്കുമോ ഋഷഭ്

വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ റെക്കോര്‍ഡ് ധോണിയുടെ പേരിലാണ്. ഏഴുമല്‍സരത്തില്‍ നിന്ന് അഞ്ചുപേരെയാണ് ധോണി പുറത്താക്കിയത്. നിലവില്‍ ഏഴുകളികളില്‍ നിന്ന് മൂന്നുപേരെയാണ് ഋഷഭ് പന്ത് പുറത്താക്കിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് മല്‍സരങ്ങള്‍ ഉള്ളതിനാല്‍ പന്ത് ധോണിയെ മറികടക്കാനുള്ള സാധ്യത  ഏറെയാണ്.