ദക്ഷിണാഫ്രിക്കയെ ഒന്നിപ്പിച്ച റഗ്ബി താരം; മണ്ടേലയുടെ വിങ്ങർ വിടവാങ്ങി

ചെസ്റ്റർ വില്യംസ്.. 1995 റഗ്ബി ലോകകപ്പിൽ ആതിഥേയരായതുകൊണ്ടു മാത്രം യോഗ്യത നേടിയ ദക്ഷിണാഫ്രിക്കൻ റഗ്ബി ടീമിലെ ഏക കറുത്തവർഗക്കാരൻ . കറുത്തവനും വെളുത്തവനും ദക്ഷിണാഫ്രിക്കയുടെ മുറിവായി അകന്നു നിന്നപ്പോൾ തന്റെ ജനതയെ ഒന്നിപ്പിക്കാൻ ലോകകപ്പിനെക്കാൾ മികച്ചൊരു വേദിയില്ലന്ന് പ്രസിഡന്റ് നെൽസൺ മണ്ടേല കണക്കൂകൂട്ടി. അതിനു മാഡീബ കരുതിവെച്ചിരുന്ന നിധിയായിരുന്നു ചെസ്റ്റർ വില്യംസ് . വെള്ളക്കാരന്റെ വിനോദമായ റഗ്ബി അംഗീകരിക്കാതിരുന്ന കറുത്തവർഗക്കാർ ചെസ്റ്ററിനു വേണ്ടി ടീമിനെ പിന്തുണച്ചു. പരുക്കേറ്റ ചെസ്റ്റർ ആദ്യ മത്സരങ്ങൾക്ക് ഇറങ്ങാതിരുന്നപ്പോൾ ഗാലറിയിൽ നിരാശരായ ആരാധകർ ടീമിനെ കൂവിത്തോൽപിച്ചു . ക്വാർട്ടർ ഫൈനലിൽ ചെസ്റ്റർ ടീമിൽ മടങ്ങിയെത്തി . പുതിയ ദേശീയഗാനം പഠിച്ചു പാടാനുള്ള മണ്ടേലയുടെ നിർദ്ദേശം ചെസ്റ്ററും സംഘവും ലോകകപ് വേദിയിൽ നടപ്പിലാക്കി . പിന്നാലെ നിറം മറന്ന് ദക്ഷിണാഫ്രിക്കക്കാരും ഒപ്പം പാടി .ഒരേ പതാക വീശി .

ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്ക് എതിരാളികൾ മുൻ ചാമ്പ്യന്മാരായ ന്യൂസിലാൻഡ്. പൊരുതാൻ പോലും കഴിയാതെ ദക്ഷിണാഫ്രിക്ക തകർന്നടിയുമെന്ന പറഞ്ഞ പണ്ഡിതരുടെ വാക്കുകൾ തെറ്റിച്ചമത്സരം. സെക്കൻഡുകൾ ബാക്കിനിൽക്കെ ചെസ്റ്ററിന്റെ ലോങ്ങ് കിക്ക് കൈപ്പിടിയിലൊതുക്കി ജോയൽ സ്ട്രാൻസ്‌കിയുടെ ഡ്രോപ്പ് ഗോൾ പിറന്നതോടെ  ന്യൂസിലാൻഡിനെ അട്ടിമറിച്‌ ദക്ഷിണാഫ്രിക്ക ലോകചാമ്പ്യന്മാർ . റഗ്ബി മൈതാനത്തു നിന്ന് മണ്ടേലക്ക് ഒപ്പം ചെസ്റ്റർ തുടങ്ങിവെച്ച പോരാട്ടം ദക്ഷിണാഫ്രിക്കയുടെ മുറിവുണക്കാൻ പോന്നതായിരുന്നു . 

49ആം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ചെസ്റ്ററിന്റെ അന്ത്യം .