ഇതെന്ത് ഔട്ടാകൽ ? ക്രിക്കറ്റിൽ അത്യപൂർവരംഗം; വിഡിയോ

ബാറ്റ്സ്മാൻ ഔട്ടാകുന്ന വിചിത്രമായ പല രീതികളും ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം കവച്ചു വയ്ക്കുന്ന കാഴ്ചയാണ് സിഡ്നിയിൽ കണ്ടത്. ഓസ്ട്രേലിയ– ന്യൂസിലൻഡ് മത്സരത്തിലായിരുന്നു ആ അപൂർവരംഗം പിറന്നത്. 

മത്സരത്തിന്റെ 45 ാം ഓവർ. ഓസ്ട്രേലിയയുടെ പേസർ ഹെതർ ഗ്രഹാം ‌പന്തെറിയുന്നു. ന്യൂസിലൻഡ് താരം കാറ്റി പെർകിൻസാണ് പന്ത് നേരിടുന്നത്. ഹെതറിന്റെ പന്ത് സ്ട്രൈറ്റ് ഡ്രൈവിലേക്ക് പായിക്കാനായിരുന്നു കാറ്റിയുടെ ശ്രമം. എന്നാൽ നോൺ സ്ട്രൈക്കിങ്ങിലുണ്ടായിരുന്ന കാറ്റി മാർട്ടിന്റെ ബാറ്റിൽ പന്ത് പതിച്ചതിനു ശേഷം വായുവിലേക്ക് ഉയർന്നു. ബൗളർ ഗ്രഹാം അനായാസം പന്ത് കയ്യിലൊതുക്കി. എന്താണ് സംഭവിച്ചതെന്നു പെട്ടെന്നു ആർക്കും മനസിലായില്ല. ഔട്ടാണോ എന്ന് വ്യക്തമായില്ല. ക്യാച്ചിനായി അംപയറോടു അപ്പീൽ ചെയ്തു. അൽപനേരത്തിനു ശേഷം മൂന്നാം അംപയറുടെ തീരുമാനപ്രകാരം ഔട്ട് വിധിച്ചു. ഇതോടെ ക്രിക്കറ്റിലെ ചരിത്രപരമായ ഔട്ടാകലിനു സ്റ്റേഡിയം സാക്ഷിയായി 

ബാറ്റ്സ്മാന്റെ ഷോട്ട് ബൗളറുടെ കയ്യിൽ തട്ടി നോൺസ്ട്രൈക്കിങ് എൻഡിലെ സ്റ്റംപിൽ പതിച്ച് റണ്ണൗട്ടാകുന്നത് മുൻപ് പലതവണ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരമൊരു പുറത്താകൽ ആദ്യം. മത്സരത്തിൽ ന്യൂസിലൻഡ് ജയിച്ചു.