നാണം കെട്ടു, ഏകദിനമെങ്കിലും നോക്കണേ; കോഹ്‌ലിയെ ട്രോളി സേവാഗ്; വിഡിയോ

സ്വന്തം നാട്ടിൽ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര അടിയറവ് വയ്ക്കേണ്ടി വന്നതിന്റെ ക്ഷീണത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. തൊട്ടുപിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ ട്രോളി മുൻ താരം വീരേന്ദ്ര സേവാഗിന്റെ വിഡിയോയും പുറത്ത് വന്നു. ഓസ്ട്രേലിക്കെതിരെ ഏകദിന പരമ്പര നടക്കാനിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായി മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്പോർട്സ് പുറത്തിറക്കിയ വിഡിയോയിലാണ് സെവാഗ് കോഹ്‌ലിയെ ഫോണിൽ വിളിച്ച് ട്രോളുന്നത്. 

ടി20 രണ്ടാം മത്സരത്തിൽ മാക്സ്‌വെൽ വിജയറൺ നേടിയ ശേഷം സേവാഗ് ‌കോഹ്‌ലിയെ ഫോണിൽ വിളിക്കുന്നതാണ് രംഗം. ഭായ്...നിങ്ങൾ എന്ത് ചെയ്യുകയാണ് ? ഓസ്ട്രേലിയൻ താരങ്ങളെ ‘കുട്ടി’കളാക്കി ഞാൻ എത്രമാത്രം കളിയാക്കിയിട്ടുണ്ടെന്നറിയില്ലേ. ഞാൻ നാണം കെട്ടു. ടി 20 പരമ്പര പോയി. ഇനി ഏകദിന പരമ്പരയിലെങ്കിലും നന്നായി കളിക്കണമെന്ന് സേവാഗ് കോ‌ഹ്‌ലിയോടു പറയുന്നതാണ് രംഗം. 

നേരത്തെ ഓസീസ് താരങ്ങളെ കുട്ടികളാക്കി പ്രമോഷണൽ വിഡിയോകൾ പുറത്തു വന്നിരുന്നു. ഇന്ത്യൻ താരം ഋഷഭ് പന്തിനെ ഓസ്ട്രേലിയൻ നായകൻ ടിം പെയ്ൻ ബേബി സിറ്ററായി ക്ഷണിച്ചതിനെത്തുടർന്നായിരുന്നു ഇത്.