മനോരമ സ്പോർട്സ് സ്റ്റാർ: അന്തിമ പട്ടികയില്‍ ആഷിഖ് കുരുണിയനും

ഇന്ത്യന്‍ ടീമിനും പുണെ സിറ്റിക്കുമായി ആഷിഖ് കുരുണിയന്‍ കാഴ്ചവച്ചത് മിന്നും പ്രകടനം. ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ ചരിത്രജയത്തില്‍ ആഷിഖ് നിര്‍ണായക പങ്കുവഹിച്ചു. ദേശീയ ടീമില്‍ സ്ഥിര സാന്നിദ്ധ്യമായ അഷിഖും മനോരമ സ്പോർട്സ് സ്റ്റാർ 2018 ന്റെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചു. എസ്എംഎസ്, ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ പ്രേക്ഷകര്‍ക്ക് ആഷിഖിനായി വോട്ടുചെയ്യാം.

ആഷിഖ് കുരുണിയന്‍– ഫുട്ബോളിന്റെ നാടായ മലപ്പുറത്ത് നിന്ന് 20–ാം വയസില്‍ തന്നെ ദേശീയടീമില്‍ ഇടംകണ്ടെത്തിയ താരം. മികച്ച പാസുകളും ഇന്റര്‍സെപ്ഷനുകളും പന്തിന്‍മേലുള്ള നിയന്ത്രണവുമെല്ലാം ദേശീയ ടീമില്‍ ആഷിഖിനെ സ്ഥിരസാന്നിദ്ധ്യമാക്കി.  ഗോളവസരങ്ങള്‍ ഒരുക്കാന്‍ മിടുക്കനാണ് ഈ മലപ്പുറംകാരന്‍. ഏഷ്യൻ കപ്പിലടക്കം മുന്നേറ്റനിര താരമായ ആഷിക്കിന്റെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റി. ഇതുവരെ 12 രാജ്യാന്തര മൽസരങ്ങൾ കളിച്ചു. ഐഎസ്എല്ലില്‍ പുണെ സിറ്റിയുടെ താരമാണ് ആഷിഖ്. ഈ സീസണില്‍ പുണെക്കായി 12 മല്‍സരങ്ങള്‍ കളിച്ച ആഷിഖ് ഒരു ഗോളും ഒരു അസിസ്റ്റും സ്വന്താക്കി. 16 തവണ എതിര്‍ഗോള്‍ മുഖത്തേക്ക് ഷോട്ട് ഉയിര്‍ത്തു. സ്പാനിഷ ്ലീഗ് സി ക്ലബായ വിയ്യാ റയൽ സിയിലും ആഷിഖ് ഇടം നേടിയിട്ടുണ്ട്. 

നാലുമാസത്തോളം സ്പെയിനിൽ പരിശീലനം നേടിയ ശേഷമാണ് ഇന്ത്യൻ ഫുട്ബോളിലേക്കു മടങ്ങിയത്. അന്തിമ ആറിലെത്തിയ ആഷിഖിന്റെ കോഡ് എ യാണ്. എസ് എം എസിൽ വോട്ട് ചെയ്യാൻ BST എന്ന് ടൈപ്പ് ചെയ്തു സ്പേസ് ഇട്ടശേഷം ആഷിഖിന്റെ കോഡ്  ഉൾപ്പെടുത്തി 56767123 എന്ന നമ്പറിലേക്ക് sms ചെയ്യുക. ഓൺലൈനിൽ വോട്ട് ചെയ്യാൻ manoramaonline.com/ sports awards  സന്ദർശിക്കുക.