ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് വനിതാ സിംഗിള്‍സില്‍ പി.വി.സിന്ധുവിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗെയിമിന് ലോക ഒന്നാംനമ്പര്‍താരം തായ് ത്സു യിങ്ങിനെ തോല്‍പ്പിച്ചു. ഒരു ഗെയിമിന് പിന്നില്‍ നിന്ന ശേഷമായിരുന്നു സിന്ധുവിന്റെ തിരിച്ചുവരവ്.
ആറ് തവണ കണ്ടുമുട്ടിയപ്പോഴും തട്ടിയെടുത്ത ജയത്തെ ഏഴാമത്തെ കണ്ടുമുട്ടലില്‍ സിന്ധു കൈപ്പിടിയിലൊതുക്കി. ആദ്യഗെയിമില്‍ കണ്ടത് തായ്പേയി താരത്തിന്റെ ആധിപത്യം. 21–14 ന് ത്സുയിങ്ങ് ഗെയിം സ്വന്തമാക്കി.
രണ്ടാംഗെയിമില്‍ കണ്ടത് സിന്ധുവിന്റെ തിരിച്ചുവരവ്. യിങ്ങിനെ നിലംതൊടാന്‍ അനുവദിച്ചില്ല ഇന്ത്യന്‍താരം,. 21–16 ന് ഗെയിം സ്വന്തമാക്കി സിന്ധു മല്‍സരത്തില്‍ ഒപ്പമെത്തി.
നിര്‍ണായകമായ മൂന്നാംഗെയിമില്‍ സിന്ധു ആഞ്ഞടിച്ചു. തുടക്കത്തില്‍ സിന്ധു ലീഡെടുത്തെങ്കിലും തായ്പേയി താരം പൊരുതിക്കയറാന്‍ ശ്രമിച്ചതോടെ മല്‍സരം ആവേശകരമായി. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന സിന്ധു ജയത്തിലേക്ക് റാക്കറ്റ് വീശി.