ധോണിയുമായി പ്രശ്നമുണ്ടോ ? 2015 ഏറെ ദുഃഖിപ്പിച്ചു; തുറന്ന് പറഞ്ഞ് ഗംഭീർ

മികച്ച ഫോമിൽ കളിക്കുന്ന താരം അപ്രതീക്ഷിതമായി വിരമിക്കുന്നത് ഞെട്ടലുണ്ടാക്കും. തൊട്ടുപിറകെ ഗോസിപ്പുകൾ സിക്സറുകൾ പോലെ ഉയർന്നു വരും. ഏറ്റവും ഒടുവിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച ഗൗതം ഗംഭീറും പടിയിറങ്ങിയപ്പോൾ ഊഹാപോഹങ്ങൾ പരന്നു. 

മഹേന്ദ്രസിങ് ധോണിയുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിയ്ക്കു കാരണമെന്നു വാർത്തകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഗംഭീർ ഇതുവരെ മൗനം പാലിച്ചു. വിരമിക്കൽ പ്രഖ്യാപനത്തിനൊടുവിൽ താരം ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിച്ചു. ധോണിയുമായി ഒരു തരത്തിലുമുള്ള ഭിന്നതകളും ഉണ്ടായിരുന്നില്ലെന്നു ഗംഭീർ പറഞ്ഞു. തന്റെ സഹകളിക്കാരിൽ ചിലർക്ക് രണ്ടും മൂന്നും ലോകകപ്പുകളിൽ കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. തനിക്കു ഒരിക്കൽ മാത്രമാണ് അതിനു സാധിച്ചത്. അതിൽ ടീം ലോകകപ്പ് നേടുകയും ചെയ്തു. ഒരു പാട് സന്തോഷം തോന്നിയിട്ടുണ്ട്. 

എന്നാൽ കീരീടം നേടിയ ടീമിലെ അംഗമെന്ന നിലയിൽ ആ നേട്ടം നിലനിർത്താനും അവസരം നൽകണമായിരുന്നു. 2015 ലെ ലോകകപ്പ് കളിക്കാൻ സാധിക്കാത്തത് ഏറെ ദുഃഖിപ്പിച്ചു. എല്ലാ മനുഷ്യർക്കും ഇതു പോലുള്ള സങ്കടങ്ങൾ ഉണ്ടാകും. അതു ചിലപ്പോൾ വ്യക്തിജീവിതത്തിലാകാം, പ്രഫഷനൽ ജീവിതത്തിലാകാം. കളിക്കാർക്ക് വിടവാങ്ങൽ മത്സരം സംഘടിപ്പിക്കുന്നതിനോടു താൻ യോജിക്കുന്നില്ലെന്നും എൻബിടിക്കു നൽകിയ അഭിമുഖത്തിൽ ഗംഭീർ വ്യക്തമാക്കി.