ലോകകപ്പിലെ ഇന്ത്യൻ ഹീറോ ഗൗതം ഗംഭീർ വിരമിച്ചു

ഗൗതം ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ട്വന്റി–20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിന, ട്വന്റി–20 ലോകകപ്പ് നേടിയ ടീമിലും ഗംഭീര്‍ അംഗമായിരുന്നു. വ്യാഴാഴ്ച ആന്ധ്രപ്രദേശിനെതിരായ രഞ്ജി ട്രോഫി മല്‍സരത്തോടെയാണ് ഗംഭീര്‍ വിടവാങ്ങുക. 

സച്ചിനും ഗാംഗുലിക്കും ശേഷം ഇന്ത്യ കണ്ട മികച്ച ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഗംഭീര്‍–സെവാഗ് ജോഡികള്‍. സച്ചിന്റെ പിന്‍ഗാമിയായി സെവാഗിനെ വാഴ്ത്തിയപ്പോള്‍ ഗാംഗുലിയുടെ പിന്മുറക്കാരനെന്ന് ഗംഭീറിനെ ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തി. ക്രീസിലും പുറത്തും വൈകാരിക പ്രകടനങ്ങള്‍കൊണ്ട് പലപ്പോഴും ശ്രദ്ധിക്കപ്പെട്ടു. ഏകദിന, ട്വന്റി20 ലോകകപ്പ് ഇന്ത്യയിലേക്കെത്തിച്ചത്  ഗംഭീറിന്റെ മാസ്മരിക ഇന്നിങ്സ്. 2007–ലെ ട്വന്റി–20 ലോകകപ്പ് ഫൈനലില്‍  75 റണ്‍സും  2011ലെ ലോകകപ്പ് ഫൈനലില്‍ 97 റണ്‍സും ഗംഭീര്‍ നേടി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് തവണ ചാംപ്യന്മാരായത് ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലാണ്. 2009–ല്‍ ഐസിസി ടെസ്റ്റ് പ്ലേയര്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡും സ്വന്തമാക്കി.  ടെസ്റ്റില്‍ 4154 റണ്‍സും ഏകദിനത്തില്‍ 5238 റണ്‍സും ട്വന്റി–20യില്‍ 932 റണ്‍സും സ്വന്തം പേരില്‍ ചേര്‍ത്തു. തുടര്‍ച്ചയായി നാല് ടെസ്റ്റ് പരമ്പരകളില്‍ 300 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത ഏക ഇന്ത്യന്‍താരമെന്ന റെക്കോര്‍ഡ് ഗൗതമിന്റെ പേരിലാണ്. 2016–ല്‍ ഇംഗ്ലണ്ടിനെതിരെയാണ് അവസാന രാജ്യാന്തര മല്‍സരം കളിച്ചത്.  15 വര്‍ഷത്തെ രാജ്യാന്തര കരിയറിന് ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപനം.