മോശം പ്രകടനം; ബ്ലാസ്റ്റേഴ്സിനെതിരെ ആരാധകരോഷം; കലിപ്പ്; പ്രതിഷേധം

കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ മാനേജ്മെൻറിനും കോച്ചിനുമെതിരെ പ്രതിഷേധിക്കാനൊരുങ്ങി ആരാധകർ. ഇന്നത്തെ ഹോം മാച്ചില്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധിക്കാനാണ് ആരാധക കൂട്ടായ്മകളുടെ തീരുമാനം. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മൽസരങ്ങൾ കാണാന്‍ എത്തുന്നവരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സ് ആരാധകർ കട്ടകലിപ്പിലാണ്.  ജംഷഡ്പൂരിനെതിരായ മൽസരത്തിൽ അത് സ്റ്റേഡിയത്തിൽ പ്രകടിപ്പിക്കാൻ തന്നെയാണ് ആരാധക കൂട്ടായ്മകളുടെ തീരുമാനം. ബ്ലാസ്റ്റേഴ്സിൻറെ ഓരോ നീക്കങ്ങൾക്കുമൊപ്പം ആരവം മുഴക്കിയിരുന്ന മഞ്ഞപ്പട സ്റ്റാൻഡിൽ ഇന്നുയരുക പ്രതിഷേധമായിരിക്കും. ചാൻറുകൾ പാടാതെയും കോച്ചിനും മാനേജ്മെൻറിനും എതിരെ ബാനറുകളും പ്ലക്കാർഡുകളും ഉയർത്താനാണ് മഞ്ഞപ്പടയുടെ ആലോചന. കറുത്ത് ബാഡ്ജുകളും വായ്മൂടിക്കെട്ടിയുള്ള പ്രതിഷേധവുമെല്ലാം പരിഗണനയിലുണ്ട്. നേരത്തെ മൽസരം ബഹിഷ്കരിക്കാൻ ആലോചിച്ചിരുന്നുവെങ്കിലും, താരങ്ങളുടെ മനോവീര്യം തകർക്കുമെന്നതിനാൽ ആ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. 

കോച്ച് ഡേവിഡ് ജെയിംസിൻറെ ലോങ്ബോൾ ടാക്ടിക്സിനെയാണ് ആരാധകർ ഏറ്റവും രൂക്ഷമായി വിമർശിക്കുന്നത്. ബ്ലാസ്റ്റേഴ്സിൻറെ ആരാധകരെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും വിമർശനങ്ങളോട് തൽക്കാലം പ്രതികരിക്കാനില്ലെന്നുമാണ് കോച്ച് ഡേവിഡ് ജെയിംസിൻറെ നിലപാട്. ആരാധകരുടെ പ്രതിഷേധം മനസിലാക്കുന്നുവെന്നും എന്നാൽ ടീമിൻറെ മുന്നോട്ടുള്ള കുതിപ്പിന് ആരാധകർ ഒപ്പം നിൽക്കണണെമെന്നും താരങ്ങൾ അഭ്യർഥിക്കുന്നു.

ഈ സീസണിൽ കൊച്ചിയിൽ കളി കാണാനെത്തുന്നവരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ആദ്യമൽസരം കാണാൻ മുപ്പത്തിമൂവായിരത്തോളം പേർ എത്തിയെങ്കിൽ കഴിഞ്ഞ കളിക്ക് എത്തിയത് ഇരുപതിനായിരം പേർ മാത്രം. ഇന്ന് കാണികളുടെ എണ്ണം ഇതിലും താഴപ്പോകുമെന്നാണ് സൂചനകൾ.