ഹോക്കിക്ക് വളരാന്‍ ക്രിക്കറ്റും ഫുട്ബോളും വഴിമാറണമോ? കിരീടപ്രതീക്ഷയോടെ ഇന്ത്യ ലോകകപ്പിന്

Image credit: Hockey India

ഹോക്കി വളരാത്തതിന്  ക്രിക്കറ്റിനെയും ഫുട്ബോളിനെയും പഴിച്ചിട്ട്  മാത്രം കാര്യമില്ല. വിപണന തന്ത്രങ്ങള്‍ അറിയാത്ത അസോസിയേഷനും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും രാജ്യത്തിന്റെ ദേശീയ കായിക വിനോദമായ ഹോക്കിയെ പിന്നില്‍ നിര്‍ത്തുന്നു. ഹോക്കി ലീഗ് കുറച്ച് ആവേശം നല്‍കിയെങ്കിലും ഇന്ത്യയുടെ ഹോക്കി ഇനിയും അതിന്റെ പ്രതാപത്തിലേക്ക് എത്തിയിട്ടില്ല. അതുകൊണ്ടുതന്നെയാണ് ടീമില്‍ മലയാളിതാരം ഉണ്ടായിട്ടും ലോകകപ്പ് ഹോക്കിയെ കായികപ്രേമികള്‍ ഹൃദയത്തിലേറ്റാത്തത്. 

ആവേശത്തോടെ ആതിഥേയര്‍

ഷാറൂഖ് ഖാനും മാധുരി ദീക്ഷിതും പകര്‍ന്ന ആവേശവും ചടുല നീക്കങ്ങളും മന്‍പ്രീത് സിങ്ങും കൂട്ടരും ഹോക്കി സ്റ്റിക്കിലേക്ക് ആവാഹിച്ചാല്‍ ഭുവനേശ്വരില്‍ ഇന്ത്യയ്ക്ക് ലോകം കീഴടക്കാം. 19975നുശേഷം ലോക കിരീടം ഉയര്‍ത്താനുള്ള ഇന്ത്യയുടെ തയാറെടുപ്പിന് കൂടുതല്‍ ആവേശം പകരുന്നതായി ഈ ഉദ്ഘാടനച്ചടങ്ങ്. ആതിഥേയര്‍ എന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യത്തില്‍ ലോകകിരീടം ഉയര്‍ത്താനുള്ള തയാറെടുപ്പിലാണ് മലയാളിയായ പി.ആര്‍.ശ്രീജഷ് കാവല്‍നില്‍ക്കുന്ന ഇന്ത്യന്‍ ടീം.

16ടീമുകള്‍, നാലു ഗ്രൂപ്പുകള്‍

നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ഉള്‍പ്പെടെ 16ടീമുകള്‍ ലോക കിരീടം ഉയര്‍ത്താന്‍ പൊരുതും. പൂള്‍ സിയിലാണ് ഇന്ത്യ മല്‍സരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കോട് ഇന്ത്യ ആദ്യം ഏറ്റുമുട്ടും. പിന്നാലെ ബെല്‍ജിയവും കാനഡയും എതിരാളികളാകും. പൂളിലെ ഒന്നാം സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് കയറും. ക്വാര്‍ട്ടറിലെത്തുന്ന മറ്റു നാലു ടീമുകള്‍ക്കായി  പൂളിലെ രണ്ടും മൂന്നും ടീമുകള്‍ മറ്റ് പൂളുകളിലെ രണ്ടും മൂന്നൂം സ്ഥാനക്കാരായി ഏറ്റുമുട്ടും. 

മുന്നില്‍ പാക്കിസ്ഥാന്‍, ഇന്ത്യ പിന്നില്‍

ക്രിക്കറ്റില്‍ ഇന്ത്യ പാക്കിസ്ഥാനെക്കാള്‍ മുന്നിലാണെങ്കില്‍ ഹോക്കിയില്‍ നേരെ തിരിച്ചാണ്. ഇന്ത്യ ഒരു ലോകകപ്പ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ നാലുവട്ടം ലോക കിരീടം നേടി. എന്നാല്‍ സമീപകാലത്ത് അത്ര മികവില്ല. 2006ല്‍ ജര്‍മനിയും 2010ലും 2014ലും ഓസ്ട്രേലിയയും ലോക ചാംപ്യന്‍മാരായി. ഓസ്ട്രേലിയ മൂന്നുവട്ടവും നെതര്‍ലന്‍ഡ്സ് മൂന്നുവട്ടവും ജര്‍മനി രണ്ടുവട്ടവും കിരീടം നേടിയിട്ടുണ്ട്. ആതിഥേയര്‍ എന്നനിലയില്‍ ഇന്ത്യയ്ക്ക് കാണികളുടെ പിന്തുണ ലഭിക്കുമെങ്കിലും ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്സ്, ജര്‍മനി, എന്നീ ടീമുകളായിരിക്കും ഇന്ത്യയ്ക്ക് വെല്ലുവിളിയാകുക. 

 

ആരാണ് ഇന്ത്യയുടെ പോരാളികള്‍

മലയാളി താരം പി.ആര്‍.ശ്രീജേഷ് കാവല്‍ നില്‍ക്കുന്നിടത്ത് നിന്ന് ഇന്ത്യയുടെ കരുത്ത് തുടങ്ങുന്നു. പെനല്‍റ്റി ഷൂട്ടൗട്ടുകള്‍ രക്ഷപെടുത്താനുള്ള ശ്രീജേഷിന്റെ കരുത്ത് എതിരാളികള്‍ പോലും ബഹുമാനിക്കുന്നു. മധ്യനിരയില്‍ നിന്ന് ടീമിന്റെ തന്ത്രങ്ങളും നീക്കങ്ങളും ക്രമീകരിക്കുന്ന ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങായിരിക്കും കളത്തിലെ ഇന്ത്യയുടെ തുരുപ്പുചീട്ട്. കളിയുെട ഗതി വിലയിരുത്താനും എതിരാളിയുടെ നീക്കം മുന്‍കൂട്ടിക്കാണാനും മന്‍പ്രീതിന് പ്രത്യേക മികവുണ്ട്. ക്യാപ്റ്റനൊപ്പം നില്‍ക്കുന്ന യുവതാരം ഹര്‍ദിക് സിങ്ങും നീലകണ്ഠ ശര്‍മയും ടീമിന്റെ നീക്കങ്ങള്‍ക്ക് വേഗം പകരും. മുന്നേറ്റത്തില്‍ മന്‍ദീപ് സിങ്ങും ആകാശ്ദീപ് സിങ്ങും ലളിത്കുമാര്‍ ഉപാധ്യായും ഗോള്‍നീക്കങ്ങള്‍ക്ക് കരുത്തുപകരും. ശ്രീജേഷിന് മുന്നിലായി ബീരേന്ദ്ര ലാക്രയും ഹര്‍മന്‍പ്രീത് സിങ്ങും സുരേന്ദ്രകുമാറും അമിത് രോഹിദാസും എതിരാളികളുടെ ആക്രമണത്തിന്റെ മുനയൊടിക്കാന്‍ കാവല്‍ നില്‍ക്കും.