തന്നെ അടിച്ചൊതുക്കിയപ്പോൾ ഹാർദിക് പൊട്ടിച്ചിരിച്ചു; ‘സഹോദരസ്നേഹം’ പറഞ്ഞ് ക്രുനാൽ

ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരെ എറിഞ്ഞിട്ട ക്രുനാൽ പാണ്ഡ്യ സിഡ്നിയിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ്. റൺസ് വിട്ടു കൊടുക്കുന്നതിൽ പിശുക്കു കാണിച്ച ക്രുനാലിനെ നേരിടാൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ നന്നെ വിയർത്തു. 

ഒടുവിൽ അർഹിച്ച മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ലഭിക്കുകയും ചെയ്തു. പുരസ്കാരം ഏറ്റുവാങ്ങി ക്രുനാൽ സംസാരിച്ചത് ബ്രിസ്ബനിൽ നടന്ന ആദ്യ ട്വന്റി20 മത്സരത്തിലെ പ്രകടനത്തെക്കുറിച്ചായിരുന്നു. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയൻ ബൗളർമാരെ തന്നെ നിലംപരിശാക്കി അടിച്ചു തകർക്കുകയായിരുന്നു. 

അപ്പോൾ തന്റെ സഹോദരനും ഇന്ത്യൻ ടീമംഗം കൂടിയായ ഹാർദിക് പാണ്ഡ്യ കളിയാക്കി ചിരിക്കുകയായിരുന്നെന്നു ക്രുനാൽ തമാശയോടെ വെളിപ്പെടുത്തി. തന്റെ പ്രകടനം കണ്ട് അവൻ ചിരിച്ചു മറിയുകയായിരുന്നു. തിരിച്ച് അവനിട്ടാണ് അടി കിട്ടുന്നെങ്കിൽ താനും അതു തന്നെ ചെയ്യുമെന്നും ക്രുനാൽ ചിരിയോടെ പറഞ്ഞു. 

തീർത്തും മോശമായ പ്രകടനത്തിനുശേഷം ഇതുപൊലുള്ളൊരു പ്രകടനവുമായി നടത്തുന്ന തിരിച്ചുവരവ് എക്കാലവും വളരെ സംതൃപ്തി നൽകുന്നതാണ്. ഒരു ദിവസം നമ്മൾ തീർത്തും മോശമായിപ്പോവുകയും മറ്റൊരു ദിവസം അതേ എതിരാളികൾക്കെതിരെ ടീമിന് വിജയം സമ്മാനിക്കുകയും ചെയ്യുന്നത് ചെറിയ കാര്യമാണോ? എന്തായാലും രാജ്യാന്തര ക്രിക്കറ്റിന് അനുയോജ്യനാണ് ഞാനെന്ന് സ്വയം ബോധ്യപ്പെടുത്താൻ പറ്റി. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള പ്രയാണത്തിന് എനിക്ക് ഏറ്റവും ആത്മവിശ്വാസം നൽകുന്ന പ്രകടനമാണ് ഇത്’ – ക്രുനാൽ വ്യക്തമാക്കി.

ടീമിലെ പുതുമുഖമാണ് ക്രുനാൽ പാണ്ഡ്യ. ഇളയസഹോദരൻ ഹാർദിക് പാണ്ഡ്യ പരുക്കേറ്റു വിശ്രമത്തിലാണ്. ക്രുനാലിന്റെ ആറാമത്തെ ട്വന്റി20 മത്സരമായിരുന്നു സിഡ്നിയിലേത്. നാല് ഓവറിൽ 36 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത പ്രകടനമാണ് താരത്തിന് മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിക്കൊടുത്തത്. 

ക്രുനാൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത മത്സരമായിരുന്നു ബ്രിസ്ബനിലേത്. അത്ര ദയനീയമായിരുന്നു താരത്തിന്റെ പ്രകടനം. ഗ്ളെൻ മാക്സ്‌വെല്ലിന്റെ നേതൃത്വത്തിൽ ഓസീസ് താരങ്ങൾ ക്രുനാലിനെ ആഞ്ഞടിക്കുകയായിരുന്നു. നാല് ഓവറിൽ 55 റൺസാണ് ഈ ബൗളർ വഴങ്ങിയത്.