ഇന്ത്യ–വെസ്റ്റ് ഇന്‍ഡീസ് ഏകദിനം;കെസിസിഎയുടെ സർവീസ് ചാർജ് വർധിപ്പിക്കും

തിരുവനന്തപുരം കാര്യവട്ടത്തെ ഇന്ത്യ–വെസ്റ്റ് ഇന്‍ഡീസ് ഏകദിന മല്‍സരത്തിന് കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് തുക കോര്‍പ്പറേഷന്‍ വര്‍ധിപ്പിക്കും. പത്ത് ലക്ഷം രൂപ ആവശ്യപ്പെടാനാണ് ആലോചന. കഴിഞ്ഞ വര്‍ഷം നല്‍കിയ തുക മതിയാകില്ലെന്ന് കെ.സി.എയെ അറിയിച്ചു.

നവംബര്‍ ഒന്നിനാണ് ഇന്‍ഡ്യയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടുന്ന ഏകദിനമല്‍സരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. കോര്‍പ്പറേഷന്‍ പരിധിയിലെ സ്റ്റേ‍ഡിയമായതിനാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ഡ്യ ന്യൂസിലന്റ് ട്വന്റി 20 മല്‍സരം നടന്നപ്പോള്‍ ഒന്നരലക്ഷം രൂപയായിരുന്നു വാങ്ങിയത്. എന്നാല്‍ ഇത്തവണ അത് പത്ത് ലക്ഷമെങ്കിലും വേണം.

മല്‍സര ദിവസങ്ങളില്‍ കാണികള്‍ക്കുള്ള ഭക്ഷണപദാര്‍ത്ഥങ്ങളുടെ ക്രമീകരണവും മല്‍സരശേഷം പരിസരപ്രദേശങ്ങളുടെ ശുചീകരണവും കോര്‍പ്പറേഷന്റെ ചുമതലയാണ്. കഴിഞ്ഞ തവണ ഒന്നരലക്ഷം രൂപ മാത്രം വാങ്ങിയതിനാല്‍ കോര്‍പ്പറേഷന് വലിയ നഷ്ടമുണ്ടായെന്നും അതിനാല്‍ തുക കൂട്ടണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വീസ് ചാര്‍ജ് എന്ന നിലയില്‍ ഓരോ ടിക്കറ്റിന്റെയും 20 ശതമാനം കോര്‍പ്പറേഷന്‍ ഈടാക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചു.