ഈ 12 വിരലുകള്‍ക്ക് ഇനി നെടുവീര്‍പ്പിടാം; സ്വപ്നയ്ക്കായി പ്രത്യേക ഷൂ: സ്വപ്നസാഫല്യം

അവളുടെ നേട്ടങ്ങൾക്കൊപ്പം തന്നെ ലോകത്തിന്റെ മനസ് ഉടക്കിയത് അവളുടെ വാക്കുകളിലാണ്. ഏഷ്യൻ ഗെയിംസിൽ  ഹെപ്റ്റാത്തലോണിലും ഇന്ത്യ വിജയം കുറിച്ചപ്പോൾ ആ മിന്നും നേട്ടം സമ്മാനിച്ച  സ്വപ്‌നാ ബര്‍മ്മനിലൂടെ ആവശ്യം മറ്റൊന്നായിരുന്നു. ‘എന്റെ പന്ത്രണ്ട് വിരലുകള്‍ക്ക് പറ്റിയ ഷൂ വേണം. ദയവായി സഹായിക്കണം.’ ആ വാക്കുകൾ അവളുടെ സ്വർണ നേട്ടത്തിനെക്കാൾ മൂർച്ചയുള്ളതായിരുന്നു.

കാലില്‍ ആറു വിരലുകള്‍ വീതമുള്ളതിനാല്‍ സാധാരണ താരങ്ങള്‍ ഉപയോഗിക്കുന്ന ഷൂസ് സ്വപ്‌നയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. പക്ഷേ മറ്റ് വഴികളില്ലാത്തത് കൊണ്ട് അത്തരം സാധാരണ ഷൂസുകൾ തന്നെ താരം ഉപയോഗിച്ചു. പലപ്പോഴും വേദനയോടെയാണ് സ്വപ്ന കളത്തിലിറങ്ങാറുള്ളത്.

എന്നാൽ ഇൗ സ്വർണനേട്ടത്തോടൊപ്പം സ്വപ്നയുടെ ആ വലിയ സ്വപ്നവും സഫലമാവുകയാണ്. താരത്തിനായി പ്രത്യേകം ഷൂ തയാറാക്കി നല്‍കാമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റഗ്രല്‍ കോച്ച് ഫാക്ടറി. ഇതിനായി ഫുട്‌വെയര്‍ രംഗത്തെ പ്രമുഖ കമ്പനിയായ നൈക്കുമായി ഇവർ ബന്ധപ്പെട്ടു. 

സ്വപ്നയുടെ  ഇൗ ആവശ്യം അറിഞ്ഞതോടെ ഐസിഎഫിന്റെ ജനറല്‍ മാനേജര്‍ എസ്.മണി നൈക്കുമായി ബന്ധപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ നൈക്ക് സ്വപ്‌നയുടെ കാലിന്റെ അളവ് അറിയാനായി എഎഫ്‌ഐയുമായും ജക്കാര്‍ത്തയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണ്‍ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തതോടെ ഉടൻ തന്നെ പുതിയ ഷൂസ് സ്വപ്നയുടെ കാലുകൾക്ക് കരുത്താകും.

ഏഴ് ഇനങ്ങള്‍ ചേര്‍ന്നതാണ് ഹെപ്റ്റാത്തലോണ്‍. അതുകൊണ്ട് തന്നെ ഏഴ് തരത്തിലുള്ള ഷൂസുകള്‍ ആവശ്യമാണ്. താരത്തിന് വേണ്ട തരത്തിലുളള ഷൂസുകള്‍ ഉടന്‍ തന്നെ എത്തിക്കുമെന്ന് ഐസിഎഫ് ഉറപ്പ് നൽകിയിട്ടുണ്ട്.